വേദനകളെ അതിജീവിച്ച് വിജയത്തിന്റെ മധുരം നേടി ആകാശ്
കുറ്റ്യാട്ടൂർ: അപൂർവ ജനിതക വൈകല്യമായ ഓസ്റ്റിയോജെനസിസ് ഇംപെർഫെക്ട (Osteogenesis Imperfecta) എന്ന രോഗാവസ്ഥയോട് പോരാടി പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടി കുറ്റ്യാട്ടൂർ പഴശ്ശി സ്വദേശിയായ ആകാശ് മാതൃകയായി.
18-ലധികം തവണ ശരീരത്തിലെ വിവിധ എല്ലുകൾ ഒടിയുകയും ഏഴ് തവണയോളം ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തിട്ടും തന്റെ ഇച്ഛാശക്തിയും ആത്മവിശ്വാസവും കൈവിടാതെയാണ് ആകാശ് ഈ നേട്ടം സ്വന്തമാക്കിയത്. മയ്യിൽ ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസിലെ സയൻസ് വിഭാഗം വിദ്യാർത്ഥിയായ ആകാശ് പ്ലസ് ടു പരീക്ഷയിൽ നാല് എ പ്ലസും രണ്ട് എ ഗ്രേഡും നേടി 91.5 ശതമാനം മാർക്ക് കരസ്ഥമാക്കി.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നിരവധി പഠനദിനങ്ങൾ ആശുപത്രിയിലും വീട്ടിലുമായി ചെലവഴിക്കേണ്ടി വന്നെങ്കിലും അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണയോടെ പഠനം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. സയൻസ് വിഭാഗത്തിന്റെ ലാബ് സൗകര്യങ്ങൾ മുകളിലത്തെ നിലയിലായിരുന്ന സാഹചര്യത്തിൽ, ആകാശിന്റെ ശാരീരിക അവസ്ഥ പരിഗണിച്ച് സ്കൂൾ അധികൃതരും അധ്യാപകരും ക്ലാസ് മുറിയും ലാബ് സൗകര്യങ്ങളും ഗ്രൗണ്ട് ഫ്ലോറിലേക്ക് ക്രമീകരിച്ച് നൽകിയിരുന്നു.
തുടർപഠനമായി കമ്പ്യൂട്ടർ സയൻസ് മേഖലയിൽ പഠനം നടത്തി എഞ്ചിനീയറാകണമെന്നാണ് ആകാശിന്റെ ആഗ്രഹം.
വിദേശത്ത് ജോലി ചെയ്യുന്ന കുറ്റ്യാട്ടൂർ പഴശ്ശി സ്വദേശിയായ സുനിലിന്റെയും മലപ്പട്ടത്ത് ആശാ വർക്കറായി സേവനമനുഷ്ഠിക്കുന്ന ജിഷ ടി.കെ.യുടെയും മൂത്തമകനാണ് ആകാശ്. അനുജൻ ദേവദർശ് മയ്യിൽ എ.എൽ.പി. യു.പി. സ്കൂളിലെ വിദ്യാർത്ഥിയാണ്. എൽ.എസ്.എസ്. പരീക്ഷയിലും മികച്ച വിജയം നേടിയിട്ടുണ്ട്.