പ്രാർഥനാനിർഭരമായ മനസ്സുമായി ഹജ്ജ് തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കും
സൗദി : വിശുദ്ധ ഹജ്ജിന്റെ സുപ്രധാന കര്‍മം അറഫ സംഗമം ഇന്ന് നടക്കും. 180 രാഷ്ട്രങ്ങളില്‍ നിന്നുളള 25 ലക്ഷം തീര്‍ഥാടകര്‍ അറഫയില്‍ സംഗമിക്കും. മക്കയിലും മദീനയിലുമുളള മുഴുവന്‍ ഇന്ത്യന്‍ തീര്‍ഥാടകരും അറഫാ സംഗമത്തില്‍ പങ്കെടുക്കുന്നതിന് മിനയിലെ തമ്പുകളില്‍ എത്തിയതായി ഇന്ത്യന്‍ ഹജ്ജ് മിഷന് അറിയിച്ചു. ദൈവ കീര്‍ത്തനങ്ങള്‍ ഉരുവിട്ടു വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥന കഴിഞ്ഞതോടെ തീര്‍ഥാടക ലക്ഷങ്ങള്‍ മിനയിലേക്കുളള ഒഴുക്കു തുടങ്ങി. മിനയിലേക്കുളള മുഴുവന്‍ കവാടങ്ങളിലും തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ നിര കാണാം. 12 കിലോ മീറ്റര്‍ കാല്‍നടയായി മിനയിലേക്കു നീങ്ങുന്ന സംഘങ്ങളാണ് തെരുവില്‍.
പുണ്യ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മശാഇര്‍ ട്രയിന്‍ സൗകര്യവും തീര്‍ഥാടകര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് മിനയിലേക്ക് ബസ് സൗകര്യമാണുളളത്. മിനയിലെ തമ്പുകളില്‍ നിന്ന് അറഫയിലേക്ക് 14 കിലോ മീറ്റര്‍ ദൂരമുണ്ട്. തീര്‍ഥാടകരെ യഥാസമയം അറഫ സംഗമത്തില്‍ പങ്കെടുപ്പിക്കുന്നതിന് മുഴുവന്‍ സൗകര്യങ്ങളും പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ ഹജ് മിഷന് അറിയിച്ചു. ശനിയാഴ്ച പ്രഭാത പ്രാര്‍ഥന കഴിയുന്നതോടെ മിന താഴ്വരയില് നിന്ന് തീര്‍ഥാടകര്‍ അറഫാ മൈതാനിയിലേക്കു പുറപ്പെടും. പ്രവാചകന് വിടവാങ്ങല്‍ പ്രഭാഷണം നിര്‍വഹിച്ച അറാഫ പര്‍വത നിരയില്‍ വിശ്വാസികള്‍ പകല്‍ മുഴുവന്‍ പ്രാര്‍ഥനയില്‍ കഴിയും. അവിടെയുളള നമിറ മസ്ജിദിലെ പ്രാര്‍ഥനയില്‍ മക്ക ഗ്രാന്‍ഡ് മസ്ജിദിദ് ഇമാം ഷെയ്ഖ് മഹര്‍ ബിന്‍ ഹമദ് അല്‍ മുഐകിലി നേതൃത്വം നല്‍കും.