ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു; ഭരണ നിയന്ത്രണം സൈന്യം ഏറ്റെടുത്തു
ധാക്ക : ബംഗ്ലാദേശിൽ സർക്കാരിനെതിരെ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ സൈന്യം പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിയാവശ്യപ്പെട്ടു. 45 മിനിറ്റിനകം രാജിവെക്കണമെന്നാണ് സൈന്യം ഹസീനക്ക് നൽകിയ അന്ത്യശാസനം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ഉച്ചക്ക് സൈനിക ജനറൽ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെച്ചു.പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചതോടെ, ബംഗ്ലാദേശിന്റെ ഭരണം സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ഇടക്കാല സർക്കാർ രൂപവത്കരിക്കുന്നത് സംബന്ധിച്ച് വൈകീട്ട് നാലുമണിയോടെ സൈനിക മേധാവി ജനറൽ വഖാർ ഉസ് സമാൻ രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രതിപക്ഷപാർട്ടികളെ ഒന്നടങ്കം നിശ്ശബ്ദരാക്കി, രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലായി 20 വർഷമായി ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി തുടരുകയായിരുന്നു ശൈഖ് ഹസീന.
പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തതോടെ പ്രക്ഷോഭം രാജ്യം മുഴുവൻ കത്തിപ്പടർന്നു. പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് വന്നപ്പോൾ സൈന്യം ഹസീനയുടെ രാജിയാവശ്യപ്പെടുകയായിരുന്നു. ഹസീനയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചതോടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബംഗ്ലാദേശിലേക്ക് പോകരുതെന്ന് ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രാജിവെച്ചയുടൻ രാജ്യം വിട്ട ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കയാ ണെന്നും റിപ്പോർട്ടുകളുണ്ട്. ഇളയ സഹോദരി ശൈഖ് റഹാരയും ഹസീനക്കൊപ്പമുണ്ട്. ഹസീന പശ്ചിമ ബംഗാളിലെത്തിയതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനത്തിലാണ് ഹസീന രാജ്യംവിട്ടത്.