വിൻഡോസ് നിശ്ചലമായി; ലോകത്തെ ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതം
മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്ഫോമായ അസ്യൂര്‍ സ്തംഭിച്ചു. ലോകമെങ്ങും വ്യോമഗതാഗതം, ടെലിവിഷന്‍, സ്റ്റോക്ക് എക്സ്ചേഞ്ച്, ബാങ്കിങ് സേവനങ്ങളെയും ഐടി മേഖലയെയും ഇത് ബാധിച്ചു. മൈക്രോസോഫ്റ്റ് 365 ആപ്പുകളും സേവനങ്ങളും തടസപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകള്‍ തനിയെ ബ്ലൂ സ്ക്രീനിലേക്ക് പോവുകയാണ്. ക്രൗഡ്സ്ട്രൈക്ക് ആന്റി വൈറസ് സോഫ്റ്റ്വെയറിലെ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ഇന്ത്യ അടക്കം ലോകത്തെമ്പാടും കംപ്യൂട്ടര്‍, ഐടി സേവനങ്ങളില്‍ അതീവ ഗുരുതരമായ സ്തംഭനത്തിനാണ് ഇത് വഴിയൊരുക്കിയിരിക്കുന്നത്.
അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, യുണൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങി അനേകം വിമാനക്കമ്പനികള്‍ ‘ഗ്രൗണ്ട് സ്റ്റോപ്’ നിര്‍ദേശം നല്കി. ഒട്ടേറെ സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ഫ്രോണ്ടിയറിന്റെ 147 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 212 എണ്ണം വൈകി. അലീജിയന്റിന്റെ 45 ശതമാനം വിമാനങ്ങളും വൈകി. മധ്യ അമേരിക്കന്‍ മേഖലയിലാണ് പ്രശ്നം ആരംഭിച്ചത്. ഇത് വളരെ വേഗം ലോകത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു. ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ്, ജര്‍മനി, ജപ്പാന്, യുകെ, യുഎസ് തുടങ്ങിയ പലമേഖലകളിലും ഇന്റര്‍നെറ്റ് തടസപ്പെടുന്നതായും ഓണ്‍ലൈന്‍ യൂസമാര് സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുന്നുണ്ട്. ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെയും സ്കൈ ന്യൂസിന്റെയും പ്രഭാതപരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ കഴിഞ്ഞില്ല. അമേരിക്കയില്‍ അലാസ്ക ഉള്‍പ്പെടെയുള്ള മേഖലകളില്‍ അടിയന്തര സഹായങ്ങള്‍ക്കുള്ള കോള്‍ സെന്ററുകളുടെ പ്രവര്‍ത്തനവും തടസപ്പെട്ടു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഗ്രൂപ്പ് പ്ലാറ്റ്ഫോമുകള് തടസപ്പെട്ടുവെന്നും ഔദ്യോഗിക അറിയിപ്പ് വന്നു.
സൈബര്‍ സെക്യൂരിറ്റി സേവനദാതാക്കളായ ക്രൗഡ്സ്ട്രൈക്കുമായി ബന്ധപ്പെട്ടതുതന്നെയാണ് പ്രശ്നമെന്ന് ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ഹാക്കിങ്ങോ സമാനമായ മറ്റുപ്രശ്നങ്ങളോ അല്ലെന്നാണ് ഇതുവരെ ലഭിച്ച വിവരമെന്നും വക്താവ് പറഞ്ഞു. അസ്യൂറിലെ പ്രശ്നം ഏറെക്കുറെ പരിഹരിച്ചിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുമ്പോഴും കൂടുതല്‍ മേഖലകളില്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ക്ലൗഡ് സര്‍വീസ് പ്ലാറ്റ്ഫോമുകള് മിക്കതും പുനസ്ഥാപിച്ചുകഴിഞ്ഞെന്നും പ്രതിസന്ധിയുടെ കാരണം അന്വേഷിച്ചുവരികയാണെന്നും മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു.