രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്ക് തിങ്കളാഴ്ച മുതൽ കർശന നടപടി; ഓരോന്നിനും 5000 രൂപവച്ച് പോകും
തിരുവനന്തപുരം : രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ തിങ്കളാഴ്ച മുതൽ കർശന നടപടി. ഒരു രൂപമാറ്റത്തിന് 5000 രൂപയാണ് പിഴ. ഹൈക്കോടതി നിർദ്ദേശപ്രകാരമാണിത്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി പനമരം ടൗണിലൂടെ രൂപമാറ്റം വരുത്തിയ ജീപ്പ് ഓടിച്ചത് വിവാദമായിരുന്നു. തില്ലങ്കേരിയുടെ യാത്ര ശ്രദ്ധയിൽപ്പെട്ട ഹൈക്കോടി സ്വമേധയാ കേസെടുത്താണ് കർശന നടപടിയ്ക്ക് ഉത്തരവിട്ടത്. മോട്ടോർ വാഹന വകുപ്പ് ആക്ഷൻ പ്ലാനുമായാണ് റോഡിലിറങ്ങുന്നത്. ആദ്യവാരം ചരക്കു വാഹനങ്ങൾ പിടിക്കും. പിന്നാലെ ഇരുചക്ര, നാലു ചക്ര വാഹനങ്ങൾ, ട്രാൻസ്പോർട്ട്, ടൂറിസ്റ്റ് ബസുകൾ എന്നിവയൊക്കെ തടഞ്ഞ് രൂപമാറ്റത്തിന് പിഴയിടും. പരിശോധനാ ദൃശ്യങ്ങൾ പകർത്തും. സ്പീഡ് ഗവർണർ വിച്ഛേദിച്ചോടുന്ന വാഹനങ്ങൾ തിങ്കൾ മുതൽ തടഞ്ഞിടും. സ്പീഡ് ഗവർണർ സജ്ജമാക്കി, പിഴയും ഈടാക്കിയിട്ടേ വിട്ടുനൽകൂ. ഓവർലോഡുമായി വരുന്ന വാഹനങ്ങളിലെ അധിക ലോഡിറക്കിക്കും. പിഴയും നൽകണം. ഓവർലോഡിനായി വാഹനത്തിൽ ലോഡിംഗ് ഏരിയയുടെ വലിപ്പം കൂട്ടിയവർ അവ നീക്കിയിട്ടേ റോഡിലറക്കാവൂ. ഇതിന് നേരത്തേ സമയം അനുവദിച്ചിരുന്നു.