ബസിൽ ഗൂഗിൾ പേ ഡിജിറ്റൽ ഇടപാട് സൗകര്യമില്ലെന്ന് പറഞ്ഞതിന് കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്തു
പാനൂർ:ബസിൽ ഗൂഗിൾ പേ ഡിജിറ്റൽ ഇടപാട് സൗകര്യമില്ലെന്ന് പറഞ്ഞതിന് കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്തു. പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺസ്റ്റാർ സ്വകാര്യ ബസിലെ കണ്ടക്ടറും തൃക്കണാപുരം സ്വദേശിയുമായ രാഘവനാണ് (52) ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ ആക്രമണം നടത്തിയ പാനൂർ വൈദ്യർ പീടിക സ്വദേശി രമേശിനെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.പാനൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന ബസ് പൂക്കോട് എത്തിയപ്പോഴാണ് സംഭവം. യാത്രക്കാരനായ രമേശ് ടിക്കറ്റ് ചാർജ് നൽകാൻ ഗൂഗിൾ പേ സൗകര്യം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നിലവിൽ ബസിൽ ഗൂഗിൾ പേ ലഭ്യമല്ലെന്ന് രാഘവൻ അറിയിച്ചതോടെ പ്രകോപിതനായ രമേശ് ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ രാഘവന്റെ മൂക്കിന് പൊട്ടലേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനം തടയാനെത്തിയ ബസ് ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കും നേരെ പ്രതി ആക്രമണം അഴിച്ചുവിട്ടു.