കുട്ടികളിലെ സൈബർ സുരക്ഷയും ഡിജിറ്റൽ അഡിക്ഷനും: ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കണ്ണൂർ: സോഷ്യൽ പോലീസ് ഡിവിഷൻ കണ്ണൂർ സിറ്റിയുടെയും ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ (ഡി-ഡാഡ്) കണ്ണൂർ സിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ‘സൈബർ സുരക്ഷയും കുട്ടികളും’ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.ചിറക്കൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സിറ്റി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസും ഡി-ഡാഡ് ജില്ലാ നോഡൽ ഓഫീസറുമായ ശ്രീ. ഷാജി വർഗ്ഗീസ് മുഖ്യതിഥിയായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് ശ്രീമതി. മോളി ടി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ശ്രീ. അജൈബ് ചന്ദ്രൻ സ്വാഗതം ആശംസിച്ചു. സൈക്കോളജിസ്റ്റ് സപ്ന ആർ. ക്ലാസുകൾ നയിച്ചു. വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വിപിൻ ടി.എം, കണ്ണൂർ സിറ്റി ഡി-ഡാഡ് കോർഡിനേറ്റർ സുനോജ് കുമാർ പി., പ്രോജക്റ്റ് കോർഡിനേറ്റർ നെഫർ ടി.റ്റി എന്നിവർ ആശംസകൾ നേർന്നു. അസിസ്റ്റന്റ് സെക്രട്ടറി റീജ ചെറുവാട്ടിൽ നന്ദി പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, റസിഡന്റ്സ് അസോസിയേഷൻ-വായനശാലാ പ്രതിനിധികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ തടയുന്നതിനും, സ്മാർട്ട്ഫോണുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും ദൂഷ്യഫലങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുമുള്ള ബോധവൽക്കരണമാണ് പ്രധാനമായും നൽകിയത്. അമിതമായ സ്ക്രീൻ ടൈം കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യത്തെയും പഠനത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും, ഡിജിറ്റൽ ഡീറ്റോക്സിഫിക്കേഷന്റെ ആവശ്യകതയെക്കുറിച്ചും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു.