യൂറോ കപ്പ്; ആദ്യ മത്സരത്തിനിറങ്ങിയ റൊണാൾഡോയുടെ പോർച്ചുഗലിന് ചെക്ക് റിപ്പബ്ലിക്കിനെതിരെ ജയം
യൂറോ കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ റൊണാൾഡോയുടെ പോർച്ചുഗലിന് ചെക്ക് റിപ്പബ്ലിക്കിനെതിരെ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽപ്പം വിയർത്ത പോർച്ചുഗൽ ചെക് ടീമിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിച്ചത് പോർച്ചുഗൽ ആയിരുന്നെങ്കിലും പിടിച്ചു കെട്ടിയും ആദ്യം ഗോൾ നേടിയും തങ്ങൾ ചെറിയവരല്ല എന്ന് തന്നെ ചെക്ക് റിപ്പബ്ലിക് തെളിയിച്ചു. ആദ്യ പകുതി കഴിയുമ്പോൾ ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ കഴിയാതെ വന്നതോടെ രണ്ടാം പകുതിയിൽ ആക്രമണം ശക്തമാവുകയായിരുന്നു. പറങ്കിപ്പടയെ ഞെട്ടിച്ചുകൊണ്ടാണ് ചെക്കിന്റെ ലൂക്കാസ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ മത്സരം കടുത്തതോടെ അബദ്ധത്തിൽ സംഭവിച്ച ചെക്കിന്റെ സെല്ഫ് ഗോൾ പോർച്ചുഗലിന് സമലനിലയും ആത്മവിശ്വാസവും നൽകി.
ശക്തമായി ഇരു ടീമുകളും ഗോൾ നേടാനും പ്രതിരോധിക്കാനും ശ്രമിച്ചതോടെ യൂറോ കപ്പിലെ മികച്ച മത്സരമായി പോർച്ചുഗലും ചെക് റിപ്പബ്ലിക്കും തമ്മിലുള്ളത് മാറി. പൊരുതി കയറാനുള്ള പോർച്ചുഗലിന്റെ വാശിയാണ് പിന്നീട് മത്സരത്തിൽ കണ്ടത്. പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ ഇഞ്ചുറി ടൈമിൽ തനിക്ക് ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ചുകൊണ്ട് ചെക് റിപ്പബ്ലിക്കിന്റെ വല ഒന്നുകൂടി ആഞ്ഞു കുലുക്കി. ഇതോടെ ആദ്യ മത്സരം ജയിച്ച് അഭിമാനത്തോടെ സീസൺ ആരംഭിക്കാൻ റൊണാൾഡോയ്ക്കും സംഘത്തിനും കഴിഞ്ഞു.