ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷയും വേർപിരിഞ്ഞു
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും സെർബിയൻ മോഡൽ നടാഷ സ്റ്റാൻകോവിച്ചും വിവാഹ ബന്ധം വേർപിരിഞ്ഞു. പരസ്പര സമ്മതത്തോടെയാണ് ബന്ധം പിരിയുന്നതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സംയുക്ത പ്രസ്താവനയിൽ ഇരുവരും വ്യക്തമാക്കി. പാണ്ഡ്യയും നടാഷയും വേർപിരിയുകയാണെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇരുവർക്കും മൂന്നു വയസ്സുള്ള അഗസ്ത്യ എന്ന മകനുണ്ട്. നടാഷ കഴിഞ്ഞ ദിവസം മകനൊപ്പം മുംബൈയിൽനിന്ന് ജന്മനാടായ സെർബിയയിലേക്കു പോയിരുന്നു. ബുദ്ധിമുട്ടേറിയ തീരുമാനമെന്നും തങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും ഇൻസ്റ്റഗ്രാം കുറിപ്പിൽ അഭ്യർഥിച്ചു.
‘നാലു വർഷത്തെ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ച് നടാഷയും ഞാനും പരസ്പര സമ്മതത്തോടെ പിരിയുകയാണ്. ഒന്നായിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു, ഇതാണ് രണ്ടുപേർക്കും ഏറ്റവും തല്ലതെന്ന് വിശ്വസിക്കുന്നു. സന്തോഷത്തോടെയും പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയും ഒന്നിച്ചാസ്വദിച്ച്, കുടുംബമായി വളർന്നതിനാൽ ഇത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. അഗസ്ത്യ ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി ഇവിടെയുണ്ടാകും. അഗസ്ത്യയുടെ സന്തോഷത്തിനായി ഒരുമിച്ച് എല്ലാ കാര്യങ്ങളും ചെയ്യും. ബുദ്ധിമുട്ടേറിയ ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും പിന്തുണക്കണമെന്നും അഭ്യര്‍ഥിക്കുന്നു’ -ഹാർദിക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.