ആദ്യമായി കുറഞ്ഞ വിലയില്‍ ഐഫോണ്‍ പുതിയ മോഡല്‍ പുറത്തിറക്കി ആപ്പിള്‍
ആദ്യമായി കുറഞ്ഞ വിലയില്‍ ഐഫോണ്‍ പുതിയ മോഡല്‍ പുറത്തിറക്കി ആപ്പിള്‍. പുതിയ മോഡലില്‍ കൂടുതല്‍ ഫീച്ചറുകളും കൂടുതല്‍ വിലയുമെന്ന പതിവു തെറ്റിച്ചാണ് ആപ്പിള്‍ ഇക്കുറി ഐഫോണ്‍ 16 പ്രോയും ഐഫോണ്‍ 16 പ്രോ മാക്സും ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഐഫോണ്‍ 15 പ്രോയേക്കാളും ഐഫോണ്‍ 15 പ്രോ മാക്സിനേക്കാളും വില കുറവാണ് പുതിയ ഐഫോണ്‍ മോഡലുകള്‍ക്ക്. അതേസമയം പുതിയ മോഡലുകളില്‍ കൂടുതല്‍ വലിയ സ്ക്രീന്‍ എന്ന പതിവ് ആപ്പിള്‍ തെറ്റിച്ചിട്ടുമില്ല.
128 ജിബി ഐഫോണ്‍ 16 പ്രോയുടെ വില 1,19,900 മുതലാണ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഇതേ മോഡലിന് ഐഫോണ്‍ 15 പ്രോയില്‍ 1,34,900 രൂപ വില വരും. അതുപോലെ ഐഫോണ്‍ 16 പ്രോ മാക്സിന് 1,44,900 രൂപയാണ് ആപ്പിള്‍ ഇന്ത്യയില്‍ വിലയിട്ടിരിക്കുന്നത്. മുന്‍ഗാമിയായ ഐഫോണ്‍ 15 പ്രോക്കാവട്ടെ 1,44,900 രൂപ വില വരും. ഏറ്റവും ഉയര്‍ന്ന വകഭേദമായ 1 ടിബി ഐഫോണ്‍ 15 പ്രോ മാക്സിന് 1,99,900 രൂപയാണെങ്കില്‍ ഐഫോണ്‍ 16 പ്രോ മാക്സിന് 1,84,900 രൂപയാണ് വില. ഇങ്ങനെ എല്ലാ പുതിയ ഐഫോണ്‍ മോഡലുകള്‍ക്കും സമാനമായ പഴയ മോഡലിനേക്കാള്‍ 15,000 രൂപ കുറവുണ്ട്. സെപ്റ്റംബർ 13ന് വൈകുന്നേരം 05.30 മുതലാണ് ഐഫോണ്‍ 16 മോഡലുകളുടെ പ്രീ ഓര്‍ഡര്‍ ഇന്ത്യയില്‍ ആപ്പിള്‍ ആരംഭിക്കുന്നത്. സെപ്തംബര്‍ 20 മുതല്‍ ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് ഐഫോണ്‍ 16 ലഭിച്ചു തുടങ്ങും.