തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള കരടുവോട്ടർപട്ടികയിൽ കണ്ണൂർ ജില്ലയിൽ 19.81 ലക്ഷം വോട്ടർമാർ
കണ്ണൂർ : തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പി നുള്ള കരടുവോട്ടർപട്ടികയിൽ ജില്ലയിൽ 19.81 ലക്ഷം വോട്ടർമാർ. ബുധനാഴ്ചയാണ് കരടുപട്ടിക പുറത്തിറക്കിയത്. 2020ൽ 20,36,939 വോട്ടർമാരാണ് ഉണ്ടായിരുന്നത്. 55,200 വോട്ടർമാരുടെ കുറവ്. ആഗസ്ത് ഏഴുവരെ പട്ടികയിൽ പേരുചേർക്കാനും തിരുത്താനും അവസരമുണ്ട്. അന്തിമപട്ടിക 30ന് പ്രസിദ്ധീകരിക്കും. സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 10,66,319 സ്ത്രീവോട്ടർമാരാണ് കരടുപട്ടികയിലുള്ളത്. പുരുഷൻമാർ- 9,15,410. പത്ത് ട്രാൻസ്ജെൻഡർമാരും പട്ടികയിലുണ്ട്. 71 പഞ്ചായത്തുകളും ഒമ്പതു നഗരസഭകളും ഒരു കോർപറേഷനുമാണുള്ളത്. 11 ബ്ലോക്ക് പഞ്ചായത്തുകളുമുണ്ട്. 71 പഞ്ചായത്തുകളിലായി 1271 വാർഡുകളാണ് ഇത്തവണ. നേരത്തേ 1166 വാർഡാണ് ഉണ്ടായിരുന്നത്. 105 വാർഡുകളാണ് കൂടിയത്. അയ്യങ്കുന്ന്, കൊട്ടിയൂർ, ഉദയഗിരി, ആലക്കോട് പഞ്ചായത്തുകളിൽ വാർഡ് കൂടിയിട്ടില്ല. ജില്ലാ പഞ്ചായത്തിലേക്ക് 24 ഡിവിഷനുകളായിരുന്നു നേരത്തേ. കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചപ്പോൾ ഒരു ഡിവിഷൻ കൂടി. കരടുവോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും