തില്ലങ്കേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വീട്ടുപറമ്പിൽ കുഴിച്ചിട്ട മാലിന്യങ്ങൾ കണ്ടെടുത്തു
കണ്ണൂർ : തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ്സ് സ്ക്വാഡ് തില്ലങ്കേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വീട്ടുപറമ്പിൽ കുഴിച്ചിട്ട മാലിന്യങ്ങൾ കണ്ടെടുത്തു. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പ്രദർശനങ്ങളിലും മേളകളിലും താൽക്കാലിക ഭക്ഷണശാല കൾ കരാറെടുത്തു നടത്തുന്ന എൻ ഹുസൈൻ്റെ തില്ലങ്കേരി ഉള്ള വീട്ടുപറമ്പിൽ നിന്നാണ് മാലിന്യങ്ങൾ കുഴിച്ചിട്ട നിലയിൽ സ്ക്വാഡ് കണ്ടെത്തിയത്.
ഓണക്കാലത്ത് കണ്ണൂർ നഗരത്തിൽ ഇദ്ദേഹത്തിൻ്റെ താൽക്കാലിക ഭക്ഷണശാല പരിശോധന നടത്തിയപ്പോൾ അതുമായി ബന്ധപ്പെട്ട ജൈവ അജൈവമാലിന്യങ്ങൾ സ്വന്തം സ്ഥലമായ തില്ലങ്കേരിയിൽ കൊണ്ടുപോയി സംസ്കരിക്കുകയാണെന്ന് മറുപടിയാണ് സ്ക്വാഡിന് നൽകിയത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പോലും അതാതിടങ്ങളിലെ ഹരിത കർമ്മ സേനയ്ക്ക് നൽകിയിരുന്നില്ലെന്നും സ്ക്വാഡ് കണ്ടെത്തിയിരുന്നു. പതിനായിരം രൂപ പിഴ ചുമത്താനും പ്ളാസ്റ്റിക് മാലിന്യങ്ങൾ വീണ്ടെടുത്ത് വൃത്തിയാക്കി ഹരിത കർമ്മസേനയ്ക്ക് നൽകാനും സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ. അജയകുമാർ, ഷരീകുൽ അൻസാർ, വിനോദൻ കെ. എന്നിവർ പങ്കെടുത്തു