ഇരിട്ടി ആയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം
ഇരിട്ടി : ആയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം. എടപ്പുഴ സെയ്ന്റ് ജോസഫ് പള്ളിയോടു ചേർന്ന സെമിത്തേരിക്ക് സമീപം കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. കരിക്കോട്ടക്കരി വാളത്തോട് റോഡിന് സമീപം ജനവാസ മേഖലയിൽ കഴിഞ്ഞ രാത്രിയാണ് കാട്ടാന ഇറങ്ങിയത്. തെങ്ങും കവുങ്ങും വാഴയും അടക്കമുള്ള കൃഷിയും മരങ്ങളും നശിപ്പിച്ചു. കടപ്ലാവ് ഉൾപ്പെടെയുള്ള മരങ്ങളിൽനിന്ന് തോൽ പൊളിച്ച് ആനകൾ തിന്നു. ഏതാനും മാസങ്ങൾക്ക് മുൻപും മേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശംകൂടിയായ ഇവിടെ വന്യമൃഗങ്ങളുടെ ആക്രമണം വർധിച്ചുവരികയാണ്.
ഇതിനെതിരേ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. വനത്തിൽനിന്ന് ഇറങ്ങുന്ന ആനകൾ ആൾതാമസമില്ലാതെ കാടുപിടിച്ചുകിട ക്കുന്ന സ്ഥലങ്ങളിൽ തമ്പടിക്കുന്നതാണ് പ്രദേശത്തെ പ്രധാന വെല്ലുവിളി. എടപ്പുഴ പള്ളി വികാരി ഫാ. പോൾ ചക്കാനിക്കു ന്നേൽ, ജനപ്രതിനിധികളായ പഞ്ചായത്ത് അംഗം കെ.സി. ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ് എം. കണ്ടത്തിൽ, പ്രദേശവാസികളായ രാജു ആലുംപറമ്പിൽ, ബേബി ചിറ്റേത്ത്, സിനോജ് കളരൂപാറ, സിബി വെളിയത്ത് എന്നിവർ കാട്ടാന കൃഷി നശിപ്പിച്ച സ്ഥലം സന്ദർശിച്ചു.