എസ്.പി.സി സ്കൂളുകളിൽ ഇനി മുതൽ അഡ്വഞ്ചർ സ്പോർട്സ് ഹബ്ബുകളും
കണ്ണൂർ : എസ്.പി.സി പ്രോജക്ടിൻ്റെ ഭാഗമായി കണ്ണൂർ സിറ്റി ജില്ലയിലെ 46 സ്കൂളുകളിലെ അധ്യാപകർക്കുള്ള 3 ദിവസത്തെ ഐ എം ജി പരിശീലന ക്യാമ്പ് സമാപിച്ചു. കുട്ടികളിൽ ശാരീരിക ക്ഷമത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കായിക ലഹരി വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ യൂണിറ്റുകളിലും ഈ അധ്യയന വർഷം അഡ്വഞ്ചർ സ്പോർട്സ് ഹബുകൾ തുടങ്ങാൻ തീരുമാനിച്ചു . കേഡറ്റുകളുടെ പ്രോജക്ട് ബേസ്ഡ് ലേണിങ് ഗ്രൂപ്പുകൾ ഉണ്ടാക്കാനും ജില്ലാതലത്തിൽ എസ്.പി.സി അധ്യാപകരുടെ മൾട്ടി റിസോഴ്സ് ടീം രൂപീകരിക്കാനും തീരുമാനിച്ചു. ഓണാവധിക്കാലത്ത് നടക്കുന്ന ത്രിദിന സ്കൂൾതല ക്യാമ്പുകളിൽ കേഡറ്റുകൾ ദുരന്തനി വാരണ മോക് ഡ്രില്ലുകൾ പരിശീലിക്കും. മൂന്നു ദിവസങ്ങളിലായി കണ്ണൂർ ജില്ല സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീമതി ഷൈനി ഹരിദാസ് ഉദ്ഘാടനം ചെയ്തു . സമാപന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ ശ്രീ.നിധിൻരാജ് . പി ഐ.പി.എസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. എസ് പി സി അസിസ്റ്റൻറ് ജില്ലാ നോഡൽ ഓഫീസർ കെ രാജേഷ് സ്വാഗതം പറഞ്ഞു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീ രാജീവൻ എം കെ അധ്യക്ഷത വഹിച്ചു ശ്രീമതി ഹർഷ ജി നന്ദി പറഞ്ഞു. ഇൻഡോർ മാനുവൽ പരിശീലനം, തിയേറ്റർ വർക്ക് ഷോപ്പ്, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങൾ, പദ്ധതി നിർവഹണം തുടങ്ങിയ വിഷയങ്ങളിൽ ശ്രീ നിർമ്മൽ കുമാർ എൻ, പടവ് ക്രിയേറ്റീവ് തിയേറ്റർ ഡയറക്ടർ എൻ രഘുനാഥൻ, ശ്രീജിത്ത് വെള്ളവയൽ , രാധാകൃഷ്ണൻ കാവുമ്പായി , സുനീഷ് വടക്കുമ്പാടൻ , സാബിറ. സി, ബിനീഷ് എൻ.പി, പ്രദീഷ് വി.സി, പ്രദീപൻ എൻ, ബിജു എ കെ , ഷൈജു മാച്ചാത്തി എന്നിവർ പരിശീലനം നൽകി. വൈശാഖ് പി, സുനോജ് കുമാർ.പി, അഭികൃഷ്ണ പി , നിസാമുദ്ദീൻ കെ എന്നിവർ പരിശീലന ക്യാമ്പിന് നേതൃത്വം നൽകി . ക്യാമ്പ് അംഗങ്ങൾ ജില്ലാ പോലീസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.