കലക്ടറെ മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ് നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം
കണ്ണൂർ : എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ കലക്ടർ അരുൺ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്നും കലക്ടറെ മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ് നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അടക്കമുള്ളവർ പി.പി ദിവ്യയെ സംരക്ഷിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി ആരോപിച്ചു. പതിനൊന്നര മണിയോടെയാണ് ഡിസിസി ഓഫീസിൽ നിന്നും കലക്ടറേറ്റ് മാർച്ച് തുടങ്ങിയത്. പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി മാർച്ച് ഉദ്ഘാടനം ചെയ്തു. ജനമനസ്സിൽ കലക്ടർ കുറ്റവാളിയാണെന്നും കലക്ടർ സത്യം വിളിച്ചു പറഞ്ഞ് തിരുത്തണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെ കുതിരയെ പ്പോലെ കടന്നു വന്ന പി പി ദിവ്യ നവീൻ ബാബുവിനെ വിമർശിച്ച് സംസാരിക്കു മ്പോൾ ഷട്ട് അപ്പ് യുവർ മൗത്ത് എന്ന് പറയാനുള്ള ആർജ്ജവം കലക്ടർ കാണിക്കണമായിരുന്നു. ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. മുൻ മേയർ അഡ്വക്കേറ്റ് ടി.ഒ.മോഹനൻ, സജീവ് മാറോളി, ഷമാ മുഹമ്മദ് കെ സി മുഹമ്മദ്, ഫൈസൽ, ജൂബിലി ചാക്കോ, രാജീവൻ എളയാവൂർ തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ചിനു ശേഷം പ്രവർത്തകരും പൊലീസുമായി വാക്കേറ്റവും സംഘർഷ മുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രവർത്തകർ തടഞ്ഞത് സംഘർഷ ത്തിനിടയാക്കി. പ്രവർത്തകരിൽ ചിലരെ പോലീസ് അറസ്റ്റ് ചെയ്തു.