മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിനോളം പോന്ന സ്കൂൾ കേരളത്തിൽ ഇല്ലെന്ന് റവന്യു മന്ത്രി കെ. രാജൻ
മുണ്ടേരി : കേരളത്തിൻ്റെ വിദ്യാഭാസ മേഖല അവതരിപ്പിക്കുന്നത് മുണ്ടേരി മോഡലാണെന്നും മുണ്ടേരി ഗവ:ഹയർ സെക്കണ്ടറി സ്കൂളിനോളം പോന്ന സ്കൂൾ കേരളത്തിൽ ഇല്ലെന്നും റവന്യു മന്ത്രി കെ. രാജൻ. മുദ്രാ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മുണ്ടേരി ഗവ. ഹയർ സെക്കൻഡറിയിൽ സജ്ജമായ വിസ്മയാവഹമായ അക്കാദമിക്ക് സൗകര്യങ്ങൾ കണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ തൃശൂർ പാണഞ്ചേരി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പട്ടിക്കാട് എൽ പി, യുപി സ്കൂളുകളിലെ അധ്യാപകരും പിടിഎ ഭാരവാഹികളും മുണ്ടേരി ഗവ.ഹയർ സെക്കണ്ടറിസ്കൂളിൽ നടപ്പിലാക്കിയ വികസന പദ്ധതികൾ നേരിൽ കാണാൻ സ്കൂൾ സന്ദർശിച്ചു.
ഹൈടെക്ക് ക്ലാസ് മുറികൾ, ആധുനിക കിച്ചൺ, പ്ലാനറ്റോറിയം, ഡിജിറ്റൽ ലൈബ്രറി എന്നിവയും സംഘം സന്ദർശിച്ചു. തുടർന്ന് നടന്ന യോഗത്തിൽ മുദ്രാ വികസന സമിതി ചെയർമാൻ മുൻ രാജ്യസഭാ എം പി കെ കെ രാഗേഷ് അധ്യക്ഷനായി. നിയുക്ത ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. രത്നകുമാരി, വി.കെ.സുരേഷ് ബാബു, മുണ്ടേരി പഞ്ചായത്ത് പ്രസിഡൻ്റ് എ.അനിഷ, പാണഞ്ചേരി പഞ്ചായത്ത് പ്രസി: പി.പി. രവീന്ദ്രൻ, വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ, പി.പി.ബാബു, കെ വേണു, പ്രിൻസിപ്പാൾ മനോജ് കുമാർ, പ്രധാനാധ്യാപിക വി.വി. റംല എന്നിവർ സംസാരിച്ചു.