സർക്കാർ സ്ഥാപനമായ കെസിസിപി എൽ തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്കരണ പ്രൊപ്പോസൽ മന്ത്രിസഭ അംഗീകരിച്ചു
കണ്ണൂർ : സർക്കാർ സ്ഥാപനമായ കെസിസിപി എൽ തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്കരണ പ്രൊപ്പോസൽ മന്ത്രിസഭ അംഗീകരിച്ചു. കമ്പനിയിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും 01.01 2017 മുതൽ ലഭിക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം ഇന്ന് (സെപ്തംബർ 24 ന് ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഇതേ തുടർന്ന് ഓഫീസേഴ്സ് ഒഴികെയുള്ളഎല്ലാ ജീവനക്കാരുടെയും ശമ്പളം 01.01 2017 മുതൽ പുതുക്കി നിശ്ചയിക്കും.
കെസിസിപി എൽ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളായി തുടർച്ചയായി പ്രവർത്തനലാഭം നേടിയ കമ്പനിയാണ്. ഇത് സർക്കാരിൻ്റെ പരിപൂർണ്ണ പിന്തുണയുടെയും കാര്യക്ഷമമായ മാനേജ്മെന്റിന്റെയും തൊഴിലാളികളുടെ യും ജീവനക്കാരുടെയും ആത്മാർത്ഥമായ പരിശ്രമത്തിന്റെയും ഫലമാണ്. 2015-16 ൽ 3.41 കോടി രൂപ വിറ്റുവരവും 4.65 കോടി രൂപ നഷ്ടവുമുണ്ടായിരുന്ന സ്ഥാപനം ചിട്ടയായ പ്രവർത്തനവും ചടുലമായ മാനേജ്മെന്റിന്റെ പ്രഫഷണലിസവും കൂടിചേർന്നപ്പോൾ 2024-25 ൽ 93.10 കോടി രൂപ വിറ്റുവരവും 4.11 കോടി രൂപ പ്രവർത്തനലാഭവും നേടാൻ കഴിഞ്ഞു എന്നത് പ്രശംസനീയമാണ്.
കൂടാതെ കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെട്ടതിന്റെയും സൂചനയാണ്. ശമ്പള പരിഷ്കരണം വേണമെന്ന കമ്പനിയിലെ അംഗീകൃത തൊഴിലാളി സംഘടനകളുടെ ദീർഘകാലത്തെ ആവശ്യവും മാനേജ്മെൻ്റിൻ്റെ പരിപൂർണ്ണ പിന്തുണയും സർക്കാരിൻ്റെ അംഗീകാരവും ലഭിച്ചതോ ടെ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയാണ്. ഇത് ജീവനക്കാരിൽ വലിയ ഉന്മേഷവും തുടർന്ന് കമ്പനിയുടെ പെർഫോമൻസിലും തീർച്ചയായും ഇത് പ്രതിഫലിക്കുമെന്ന് കമ്പനി ചെയർമാൻ ടി.വി രാജേഷും മാനേജിംഗ് ഡയരക്ടർ ഡോ. ആനക്കൈ ബാലകൃഷ്ണനും പറഞ്ഞു. ശമ്പള കുടിശ്ശിക ബാധ്യത മാത്രം ഇടക്കാല ആശ്വാസം ഉൾപ്പെടെ ഏകദേശം 3.5 കോടി രൂപ വരും. ശമ്പളപരിഷ്ക്കരണം വർഷങ്ങളായി വൈകിപ്പോവുകയും, അവർക്കു അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു എന്നത് വസ്തുതയാണ് .ഈ പ്രശ്നം അതിന്റെ ഗൗരവത്തിൽ കണ്ട് കൊണ്ട്, മാനേജ്മെന്റ് പ്രതിനിധികൾ ശക്തമായ ഇടപെടലുകൾ സർക്കാർ തലത്തിൽ നടത്തുകയും ഇക്കാര്യത്തിൽ വലിയ പിന്തുണയാണ് മുഖ്യമന്ത്രി , വ്യവസായ വകുപ്പ് മന്ത്രി ധനകാര്യ വകുപ്പ് മന്ത്രി എന്നിവരുടെ ഭാഗത്തു നിന്നും ഉണ്ടായത്. തൊഴിലാളികളുടെ ആകാംക്ഷകളും, മാനേജ്മെന്റിന്റെ വൈവിധ്യവൽക്കരണ പദ്ധതികളും സമീപനവുമെല്ലാം പരിഗണിച്ചുകൊണ്ട്, ശമ്പളപരിഷ്ക്കരണ പ്രൊപ്പോസൽ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്.
പ്രതിസന്ധിയെ അതിജീവിച്ച് കൃത്യമായ ശമ്പളവും ബോണസും കൊടുക്കുക മാത്രമല്ല ശമ്പള പരിഷ്കരണം കൂടി നൽകുകയാണ് കമ്പനി ചെയ്തത്. ഇത് കെസിസിപി ലിമിറ്റഡിന്റെ ചരിത്രത്തിൽ ഒരു നിർണായക നാഴികക്കല്ലായി മാറുകയാണ്. കമ്പനിയുടെ നാലാമത്തെ പെട്രോൾ പമ്പ് സെപ്തംബർ 26 ന് രാവിലെ 10 മണിക്ക് കരിന്തളം തലയടുക്കത്ത് നിയമസഭാ സ്പീക്കർ എ എൻ ഷംസീറും ആൻ്റിസെപ്റ്റിക്&ഡിസ് ഇൻഫക്ടൻ്റ് കോംപ്ലക്സിൻ്റെ ഉദ്ഘാടനം കണ്ണപുരത്ത് ഒക്ടോബർ 16 ന് രാവിലെ 9 മണിക്ക് വ്യവസായ-കയർ- നിയമ വകുപ്പ് മന്ത്രി പി രാജീവും നിർവഹിക്കും. തുടർച്ചയായ വിവിധ വൈവിധ്യവൽ ക്കരണ പദ്ധതി നടപ്പിലാക്കുന്നതിനാൽ തന്നെ ശമ്പള പരിഷ്ക്കരണം പ്രതിസന്ധി കമ്പനിക്ക് സൃട്ടിക്കില്ല.