മലബാർ മേഖലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻകാലാവസ്ഥാ ഇൻഷൂറൻസ്; വിതരണോദ്ഘാടനം ജൂലൈ 22ന്
കണ്ണൂർ : ക്ഷീര കർഷകർക്ക് കഠിനമായ വേനൽച്ചൂട് മുലമു- യ ഉൽപാദന നഷ്ടം നികത്തുന്നതിനായി മിൽമ മലബാർ മേഖലാ യൂണിയൻ 2024 വർഷത്തിൽ നടപ്പിലാക്കിയ കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയുടെ ക്ലെയിം തുകയായി ലഭിച്ച ഒരു കോടി 63 ലക്ഷം രൂപയുടെ മലബാർ മേഖലാ തല വിതരണോദ്ഘാടന കർമ്മം 22.07.2024 തീയ്യതിയിൽ ക്ഷീരവികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി കണ്ണൂരിൽ നിർവഹിക്കുന്നു. മിൽമ ചെയർമാൻ ശ്രീ.കെ.എസ്.മണി, കണ്ണൂർ ജില്ലയിലെ മിൽമയിലെയും ഇൻഷുറൻസ് കമ്പനിയിലെയും ക്ഷീരവികസന വകുപ്പിലേയും ഉദ്യോഗസ്ഥർ, പ്രാഥമിക ക്ഷീരസംഘം പ്രതിനിധികൾ, ക്ഷീരകർഷകർ എന്നിവർ ഈ പരിപാടിയിൽ പങ്കെടുക്കും.
നിശ്ചിത പരിധിക്ക് മുകളിൽ അന്തരീക്ഷ താപനില ഉയരുമ്പോൾ കറവ മൃഗങ്ങളിൽ ഉണ്ടാകുന്ന ഉൽപ്പാദന കുറവ് മൂലം ക്ഷീര കർഷകർക്ക് വന്നുചേരുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി രാജ്യത്താദ്യമായി 2023 ൽ മലബാർ മിൽമ, കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള അഗ്രികൾച്ചറൽ ഇൻഷൂറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡുമായി ചേർന്ന് നടപ്പിലാക്കിയ ഇൻഷുറൻസ് പദ്ധതിയാണ് കാലാവസ്ഥാധിഷ്ഠിത ഇൻഷൂറൻസ് പദ്ധതി. 01.03.2024 മുതൽ 30.04.2024 വരെയുള്ള 2 മാസക്കാലയളവിൽ അന്തരീക്ഷ താപനില ഏതെങ്കിലും 6 ദിവസത്തിൽ നിശ്ചയിച്ചതിനേക്കാൾ ഉയർന്നാൽ ഇൻഷൂറൻസ് പരിരക്ഷയായി 200 രൂപ മുതൽ 2000 രൂപ വരെ ആശ്വാസമായി ലഭിക്കുന്നതാണ് ഈ പദ്ധതി. ഒരു കറവ പശുവിന് 110 രൂപ ഇൻഷുറൻസ് പ്രീമിയം വരുന്നതിൽ 60 രൂപയും മലബാർ മേഖലാ യൂണിയനാണ് വഹിച്ചത്. മലബാർ മേഖലയിലെ 6 ജില്ലകളിലെ വിവിധ താലൂക്കുകളിൽ താപനില നിശ്ചിത പരിധിയിൽ കൂടുതൽ 6 ദിവസവും അതിന് മുകളിലും ഉയർന്നാൽ 200 രൂപയും 9 ദിവസവും അതിന് മുകളിലും ഉയർന്നാൽ 400 രൂപയും 12 ദിവസവും അതിന് മുകളിലും ഉയർന്നാൽ 1000 രൂപയും 30 ദിവസവും അതിന് മുകളിലും ഉയർന്നാൽ 2000 രൂപയുമാണ് പദ്ധതിയിൽ ലഭിക്കുന്നത്. യൂണിയനും കർഷകരും ആകെ നൽകിയ പ്രീമിയം തുക 42,42,480 രൂപ ആയിരിക്കെ ക്ലെയിം തുകയായി 1 കോടി 63 ലക്ഷം രൂപയാണ് മലബാർ മിൽമയ്ക്ക് ലഭിച്ചത്. യൂണിയനെ സംബന്ധിച്ച് ക്ഷീര കർഷകർക്ക് വേനൽകാലത്ത് ഇത്തരമൊരു ആശ്വാസമേകാൻ സാധിച്ചത് അഭിമാനാർഹമാണ്.