വേശാല ഈസ്റ്റ് എ.എൽ.പി.സ്കൂളിലെ കുട്ടികൾ ഭാഷോത്സവത്തിൻറെ ഭാഗമായി പാട്ടരങ്ങ് അവതരിപ്പിച്ചു
കണ്ണൂർ : പാഠപുസ്തകത്തിലെ പാട്ടുകളും നാടൻപാട്ടുകളും ചെറുകവിതകളുമായി വേശാല ഈസ്റ്റ് എ.എൽ.പി.സ്കൂളിലെ കുട്ടികൾ ഭാഷോത്സവത്തിൻറെ ഭാഗമായി പാട്ടരങ്ങ് അവതരിപ്പിച്ചു. ചാലോട് ബസ്സ്റ്റാൻറിൽ വെച്ച് നടന്ന പരിപാടി പ്രശസ്ത സിനിമ സംഗീത സംവിധായകൻ ഡോ: മണക്കാല ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ഒ.എം. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. കുട്ടികൾകളുടെ ഭാഷാശേഷി വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പാട്ടുത്സവം സംഘടിപ്പിച്ചത്.
പാട്ടരങ്ങ് പരിപാടി ഏറെ വൈവിധ്യവും ആഹ്ലാദകരവുമായിരുന്നു. തളിപ്പറമ്പ് സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ, ഡോ.ടി.പി കലാധരൻ, എസ്.സൈജ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.വി.ഷീജ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പി.സന്തോഷ്,വ്യാപാരി വ്യവസായി ഏകോപനസമിതി ചാലോട് യൂണിറ്റ് പ്രസിഡണ്ട് പി.കെ.സനീഷ് എന്നിവർ സംസാരിച്ചു. കുട്ടികളായ അനുജയ് ജിതേഷ്, ആദ്യ ജിജീഷ്, സ്വാൻദേവ്, ധീരവ് കൃഷ്ണ, ആരോൺരോഷിത്, ദക്ഷ് വിനായക്, അൻവിത ഷിജു എന്നിവരാണ് അതിഥികളെ പരിചയപ്പെടുത്തിയും സ്വാഗതവും നന്ദിയും പറഞ്ഞും ചടങ്ങ് നിയന്ത്രിച്ചത്. നാടൻപാട്ടുകാരൻ ശരത് മയ്യിൽ, ശ്രീജിത്ത് എന്നിവരെ ചടങ്ങിൽ വച്ച് അനുമോദിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.ടി.മനോഹരൻ,മദർ പി.ടി.എ പ്രസിഡണ്ട് സി.രൂപ, അധ്യാപകരായ എം.പ്രവിദ, ഇ .ശ്രുതി, എം.എം. വിജയകുമാരി, മോനിഷ പി.എം,കെ.രമ്യ എന്നിവർ നേതൃത്വം നൽകി