വാഹനത്തിൽ കടത്തിയ അര ടണ്ണോളം ഒറ്റതവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി
കണ്ണൂർ : കോഴിക്കോട് ജില്ലയിൽ നിന്നും കണ്ണൂർ കാസർകോട് ജില്ലകളിലേക്ക് വിതരണം ചെയ്യാനായി വാഹനത്തിൽ കടത്തിയ അര ടണ്ണോളം ഒറ്റതവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തദ്ദേശ വകുപ്പിൻ്റെ ജില്ലയിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടി. രാവിലെ പയ്യന്നൂർ ടൗണിൽ വെച്ചാണ് ജില്ല എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധിച്ചത്. കോഴിക്കോടുള്ള സലാല ഏജൻസീസ് എന്ന സ്ഥാപനത്തിൻ്റെ വാഹനത്തിൽ കടത്തുകയായിരുന്ന പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ, ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് സ്പൂണുകൾ, പ്ലാസ്റ്റിക് സ്ട്രോകൾ, കോട്ടഡ് പേപ്പർ കപ്പുകൾ തുടങ്ങിയവയാണ് പിടികൂടിയത്. 10,000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ സ്ക്വാഡ് പയ്യന്നൂർ നഗരസഭയ്ക്ക് നിർദ്ദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഉദ്യോഗസ്ഥരായ അഷ്റഫ് പി പി. ലജി എം, അജയകുമാർ കെ ആർ, ശരീകുൽ അൻസാർ, അലൻ ബേബി , പയ്യന്നൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ കൃഷ്ണൻ പി പി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ശ്യാം കൃഷ്ണൻ, അനീഷ് ലാൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.