കണ്ണൂർ 31 ബറ്റാലിയൻ എൻ സി സി പുനീത് സാഗർ അഭിയാൻ്റെ ഭാഗമായി കടൽത്തീരത്ത് നിന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു
കണ്ണൂർ : സമുദ്രതീരം ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ 31 ബറ്റാലിയൻ എൻ സി സി പുനീത് സാഗർ അഭിയാൻ്റെ ഭാഗമായി കടൽത്തീരത്ത് നിന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു. പയ്യാമ്പലം ബീച്ച്, ചാൽ ബീച്ച്, മുഴപ്പിലങ്ങാട് ബീച്ച് എന്നിവ ശുചീകരിച്ചു. അഞ്ചൂറോളം കേഡറ്റുകൾ രണ്ടു മണിക്കൂർ സമയം കൊണ്ട് എട്ട് ക്വിൻറൽ മാലിന്യങ്ങളാണ് ശേഖരിച്ചത്. വിനോദ സഞ്ചാരികൾ കടൽത്തീരത്ത് നിക്ഷേപിക്കുന്നതും നഗരങ്ങളിൽ നിന്ന് പുഴകളിലൂടെ ഒഴുകി കടലിലെത്തി തീരത്തടിഞ്ഞതുമായ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഉപേക്ഷിച്ച മീൻപിടുത്ത വലകളുമാണ് കേഡറ്റുകൾ ശ്രമദാനത്തിലൂടെ തീരത്ത് നിന്ന് മാറ്റിയത്.കടൽത്തീര സംരക്ഷണ പ്രതിജ്ഞയും എടുത്തു.കണ്ണൂർ എസ് എൻ കോളജ്, തോട്ടട ഗവ പോളിടെക്നിക്ക്, ചൊവ്വ ഹയർ സെക്കന്റി സ്ക്കൂൾ, അഴീക്കോട് സ്കൂൾ, ചിറക്കൽ രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ എൻ സി സി കാഡറ്റുകളാണ് ബീച്ച് ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്. പയ്യാമ്പലം ബീച്ചിൽ കമാന്റിങ്ങ് ഓഫീസർ കേണൽ എ എസ് ബാലി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ടേറ്റീവ് ഓഫീസർ ലഫ്റ്റനന്റ് കേണൽ മുകേഷ് കുമാർ അധ്യക്ഷത വഹിച്ചു. സുബേദാർ മേജർ ഹോണററി ലഫ്റ്റനന്റ് വി വെങ്കിടേശ്വർലു, ബറ്റാലിയൻ ഹവിൽദാർ മേജർമാരായ സുനിൽകുമാർ എസ്, റൂബിൻ സുനവർ, എൻ സി സി ഓഫീസർമാരായ ലഫ്റ്റനന്റ് സുനീഷ് പി.സി തേർഡ് ഓഫീസർമാരായ സുന പി.വി, രഷ്മി കെ.എം പ്രസംഗിച്ചു