വെള്ളക്കെട്ടിന്റെ ദുരിതം പേറി പഴയങ്ങാടിയിലെ വ്യാപാരികളും നാട്ടുകാരും; പ്രതിഷേധം വ്യാപകം
പഴയങ്ങാടി : മഴക്കാല പൂർവ്വ ശുചീകരണം പാളി കന്നിമഴയിൽ തന്നെ വെള്ളക്കെട്ടിന്റെ ദുരിതം പേറി പഴയങ്ങാടിയിലെ വ്യാപാരികളും നാട്ടുകാരും. പ്രതിഷേധം വ്യാപകം. രാവിലെ 10 മണിയോടെ പെയ്ത ശക്തമായ മഴയിൽ പഴയങ്ങാടിയിൽ കെ എസ്സ് ടി പി റോഡ് വെളളത്തിലായി. പഴയങ്ങാടി കുളങ്ങര പള്ളി മുതൽ ബസ്റ്റാന്റിന് സമീപം വരെ മെയിൽ റോഡിന്റെ പാതി ഭാഗം വെളളത്തിൽ മുങ്ങിയതിനാൽ വാഹന യാത്രക്കാരും കാൽനടയാത്രക്കാരും ദുരിതത്തിലായി. വാഹനങ്ങൾ കടന്ന് പോകുമ്പോൾ വെള്ളം കടകളിലേക്ക് തെറിക്കുന്നത് വ്യാപാരികൾക്കും ദുരിതമായി.
മാടായിപ്പാറയിൽ നിന്ന് ഉൾപ്പെടെ വെളളം കുത്തി ഒഴുകി വരുന്നത് വെള്ളക്കെട്ടിന് കാരണമാകുന്നു.ഇവ കെ എസ്സ്ടിപി ഓവുചാലിലേക്ക് ഒഴുക്കിവിടാൻ സൗകര്യം ഒരുക്കിയില്ല. മഴ എത്തുന്നതിന് മുൻപ് ഓടകൾ വൃത്തിയാക്കാനും നടപടി ഉണ്ടായില്ല. ഇതെല്ലാം വെള്ളം കയറാൻ കാരണമാകുമെന്നും മുൻവർഷങ്ങളിൽ വെളളക്കെട്ടിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് പി വി അബ്ദുള്ള പറഞ്ഞു. മഴക്കാല പൂർവ്വ ശുചികരണം കാര്യക്ഷമമാക്കണമെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.