അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ കണ്ണൂരിലെ ക്ഷേത്രങ്ങളിൽ വൻ തിരക്ക്
കണ്ണൂർ : അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ കണ്ണൂരിലെ ക്ഷേത്രങ്ങളിൽ വൻ തിരക്ക്. വിദ്യാരംഭദിവസം കണ്ണൂർ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ ആയിരങ്ങളാണ് എത്തിയത്. കണ്ണൂരിലെ മൂകാംബിക ക്ഷേത്രമെന്ന് അറിയപ്പെടുന്ന പള്ളിക്കുന്നിൽ പുലർച്ചെ തന്നെ എഴുത്തിനിരുത്ത് തുടങ്ങിയിരുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് വിജയദശമി ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തിയത്. നല്ല തിരക്ക് അനുഭവപ്പെട്ടതിനാൽ കനത്ത പൊലിസ് സുരക്ഷയും ഏർപ്പെടുത്തി. വനിതാ പൊലിസ് ഉൾപ്പെടെയുള്ളവർ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി എത്തി. പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ അഞ്ചു പേരാണ് കുട്ടികളെ എഴുത്തിനിരുത്തിയത് കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും കോവിലുകളിലും വിജയദശമി ദിനത്തിൽ പ്രത്യേക പൂജകളും വഴിപാടും നടന്നിരുന്നു