കുടുക്കിമൊട്ട മുണ്ടേരി മൊട്ട റോഡിൽ അപകടങ്ങൾ തുടർക്കഥ ആയിട്ടും അനക്കമില്ലാതെ അധികൃതർ
കണ്ണൂർ : അപകടങ്ങൾ തുടർക്കഥ ആയിട്ടും അനക്കമില്ലാതെ അധികൃതർ. കുടുക്കിമൊട്ട മുണ്ടേരി മൊട്ട റോഡിൽ കൊട്ടാണിച്ചേരി പള്ളിക്ക് സമീപം റോഡിന് വീതി കുറവും അശാസ്ത്രീയമായി നിർമ്മിച്ച ഓവുചാലുകളുമാണ് അപകടങ്ങൾക്കി ടയക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ പുറവൂർ സ്വദേശികളായ അമീർ, ആഷിഖ് – മുണ്ടേരി സ്വദേശി അഫ്സൽ എന്നിവർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അഫ്സൽ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്ററിലും, അമീർ മംഗലാപുരം ആശുപത്രിയിൽ ഐ.സി.യു.വിലുമാണ് ഇപ്പോൾ ഭിന്നശേഷിക്കാരൻ്റെ മുച്ചക്ര വാഹനം ഓവുചാലിൽ വീണ് ഗുരുതര പരിക്ക് പറ്റിയത് അടക്കം നിരവധി ചെറുതും വലുതുമായ അപകടങ്ങൾ പ്രദേശത്ത് ഇതിനകം നടന്നു കഴിഞ്ഞു. എന്നിട്ടും അധികൃതർക്ക് യാതൊരു അനക്കവും ഇല്ല.
എ.പി. അബ്ദുള്ളക്കുട്ടി എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് കുടുക്കി മൊട്ട – വലിയന്നൂർ റോഡ് 7 മീറ്റർ താറിങ്ങ് അടക്കം 10 മീറ്റർ വീതിയിലുള്ള വികസനമാണ് പറഞ്ഞിരുന്നതെങ്കിലും പലസ്ഥലങ്ങളിലും പല അളവുകളിലാണ് റോഡിൻ്റെ വീതി. അപകടം നടന്ന സ്ഥലം 4.5 മീറ്റർ മാത്രമാണ് വീതിയുള്ളതെന്നും റോഡിന് ഇരുവശവും അശാസ്ത്രീയമായി നിർമ്മിച്ച ഓവുചാലുകളും അതിന് സ്ലാബ് ഇല്ലാത്തതും, ശുദ്ധജല വിതരണത്തിനായി പൊളിച്ച റോഡ് പുനർനിർമ്മിക്കാത്ത തുമാണ് അപകടങ്ങൾക്ക് കാരണം എന്ന് പൊതുപ്രവർത്തകനായ ഷഫീഖ് പറഞ്ഞു. എത്രയും പെട്ടെന്ന് ഇവിടം ഇരുവശം വീതി കൂട്ടാൻ ഉള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ തളിപ്പറമ്പിൽ നിന്നും എളുപ്പവഴിയിൽ മട്ടന്നൂർ വിമാനത്താവളത്തിലേക്ക് പോകുന്ന നിരവധി വാഹനങ്ങളും, ഭാരവാഹനങ്ങളും കടന്നു പോകുന്ന തിരക്കേറിയ ഈ റോഡിൽ ഇനിയും അപകടങ്ങൾ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ഈ റോഡിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ഓവുചാലുകൾ തുടർ പരിപാലനമില്ലാതെ വെള്ളം ഒഴുകാൻ പറ്റാതെ പൂർണ്ണമായും മൂടിയിരിക്കുകയാണ് കുടിവെള്ളത്തിനായി റോഡരിക് പൊളിച്ചത് പടന്നോട്ട് മൊട്ടയില ടക്കം അപകടഭീതി ഉയർത്തുകയാണ്. പി.ഡബ്ല്യു.ഡി, പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് എത്രയും പെട്ടെന്ന് വേണ്ട നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ നടപടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.