കാടുകളും മാലിന്യവും നിറഞ്ഞ് പാപ്പിനിശ്ശേരി കെ.എസ്. ടി.പി റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രം
കണ്ണൂർ : കാടുകളും മാലിന്യവും നിറഞ്ഞ് പാപ്പിനിശ്ശേരി കെ.എസ്. ടി.പി റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രം. ദേശീയ പാത 66 ൽ കെ.എസ്. ടി.പി. റോഡ് ചേരുന്ന പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ് കവലക്ക് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം നിലവിൽ കാടുമൂടി കിടക്കുന്നത് ഏറെ ദുരിതമാവുകയാണ്. മിക്ക സമയവും നിരവധി പേർ കേന്ദ്രീകരിക്കുന്ന ഇടത്ത് മൂക്ക് പൊത്താതെ നിൽക്കാൻ പറ്റാത്തവസ്ഥയാണ്. ദേശീയപാതയിൽ ബസിറങ്ങി പഴയങ്ങാടി ഭാഗത്തേക്ക് പോകേണ്ടവരാണ് കൂടുതലും ഈ കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിക്കുന്നത്. ബസ് ഇറങ്ങി ദേശീയ പാത മറികടന്ന് 100 മീറ്റർ എങ്കിലും നടന്നാൽ മാത്രമാണ് ബസ് കയറാൻ പറ്റൂ.
ചുറ്റും കാട് മൂടി അവിടെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടോ എന്ന് പോലും യാത്രക്കാർക്ക് കാണാൻ പറ്റാത്തവ അവസ്ഥയാണ് .ഈ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം പതിവായി മാലിന്യം തള്ളുന്ന മേഖലയാണ്. മിക്ക ദിവസവും കക്കൂസ് മാലിന്യവും സമീപത്ത് ഒഴുക്കാറുണ്ട് എന്നും ആക്ഷേപമുണ്ട്. പ്രദേശത്ത് തെരുവിളക്ക് ഒന്നും കത്താറില്ല. സന്ധ്യ കഴിഞ്ഞാൽ മാലിന്യം തള്ളുന്ന മേഖലയായതിനാൽ കാത്തിരിപ്പ് കേന്ദ്രം തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രവുമാണ്. ഇതിനകം പലർക്കും നായ്ക്കളുടെ കടിയേറ്റ മേഖലയുമാണ്. ദേശീയപാതയിൽ കണ്ണൂർ ഭാഗത്ത് ബസ്സ് കാത്തിരിപ്പുകേന്ദ്രവും കാട് മൂടി കിടക്കുകയാണ്. ചില സംസ്ക്കാരിക പ്രവർത്തകരാണ് ഇത്തരം ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ച് നൽകിയത്.ഇവയും ഇത്തരത്തിൽ കാടുമൂടി കിടക്കുന്നത് ഏറെ പ്രയാസമുണ്ടാക്കുകയാണ് അടിയന്തര മായും കെ .സ്. ടി.പി. റോഡിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ കാടുകൾ നീക്കി മാലിന്യം തള്ളുന്നത് തടയാനാള്ള നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.