മാടായിപ്പാറയിലെ തവരത്തടം പ്രദേശത്ത് പച്ചക്കറി കൃഷിയിൽ വിജയഗാഥയുമായി കർഷകരുടെ കൂട്ടായ്മ
പഴയങ്ങാടി : മാടായിപ്പാറയിലെ തവരത്തടം പ്രദേശത്ത് പച്ചക്കറി കൃഷിയിൽ വിജയഗാഥയുമായി കർഷകരുടെ കൂട്ടായ്മ. അഞ്ച് ഹെക്ടർ പ്രദേശത്താണ് ഇക്കുറി പച്ചക്കറി കൃഷി നടത്തിയത്. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സഹീദ് ഉദ്ഘാടനം ചെയ്തു. മാടായി പ്പാറയിലെ കൃഷി ഭൂമിയായ തവരത്തടം പ്രദേശത്ത് 48 ഓളം കർഷകരുടെ കൂട്ടായ്മയിലാണ് പച്ചക്കറി കൃഷി നടത്തിയത്. മാടായി പഞ്ചായത്ത് കൃഷിഭവന്റെയും കൃഷി ഓഫിസർ കെ സുനീഷിന്റെ സഹകരണത്തോടെ യായിരുന്നു പച്ചക്കറി കൃഷി നടത്തിയത്. കക്കിരി, വെണ്ട, പയർ, കൈപ്പ, താലോലി തുടങ്ങി വ്യത്യസ്തങ്ങളായ പച്ചക്കറി കൃഷിയാണ് ഇവിടെ നടത്തി വിജയഗാഥ രചിച്ചത്. ഓണക്കാലത്ത് പച്ചക്കറിയുടെ വില വർദ്ധനവ് തടയുന്നതിനും പ്രദേശത്തെ കർഷകർക്ക് ന്യായമായ വില ഉറപ്പുവരുത്താനും കൃഷിഭവന്റെ ഇടപെടൽ സഹായകമായിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും കാട്ടുപന്നിയും മറ്റും കൃഷി നശിപ്പിക്കുന്നത് കർഷകർക്ക് ദുരിതം ആയിട്ടുണ്ടങ്കിലും ഇത്തവണ മികച്ച രീതിയിലുള്ള പച്ചക്കറി തന്നെ ലഭിച്ചതിൽ ഏറെ ആഹ്ലാദത്തിലാണ് കർഷകർ. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി ധനലക്ഷ്മി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ റഷീദ് ഒടിയിൽ, എസ് കെ പി വഹീദ, മെമ്പർ പി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. കൃഷിഓഫീസർ സുനീഷ് കെ, കൃഷി അസിസ്റ്റന്റ് ശ്രീലത പി, ശ്രീവിദ്യ എ, ദിവ്യ പി പി, ക്ലസ്റ്റർ കൺവീനർ ഗോവിന്ദൻ കെ, അബ്ദുള്ള കെ കെ, ജനാർദ്ദനൻ ടി വി എന്നിവർ നേതൃത്വം നൽകി.