തോക്കുകളുടെ കഥകൾ കേട്ട് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ
കണ്ണൂർ : ചുഴലി ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് വിദ്യാർത്ഥികൾക്ക് മങ്ങാട്ടുപറമ്പ് പോലീസ് ക്യാമ്പ് അവിസ്മരണീയമായ കാഴ്ചകളാ ണ് സമ്മാനിച്ചത്. തോക്കുകളെ കുറിച്ച് കേട്ടറിവുകളും ദൂരക്കാഴ്ചകളും മാത്രമുണ്ടായിരുന്ന വിദ്യാർഥികൾക്ക് അത്യാധുനിക തോക്കുകളെ നേരിൽ കാണാനും പരിചയപ്പെടാനും അവസരം ഒരുക്കിക്കൊണ്ട് മാങ്ങാട്ടുപറമ്പ് കെ എ പി പോലീസ് ക്യാമ്പ് കുട്ടികൾക്ക് വേറിട്ട വൈജ്ഞാനിക അറിവ് പകർന്നു നൽകുന്നതിന് ഇടം ഒരുക്കി.
ഇന്ന് അവധി ദിവസമായിരുന്നിട്ടും ചുഴലി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ രാവിലെതന്നെ അവരുടെ അധ്യാപകർക്കൊപ്പം സ്കൂൾ ബസ്സിൽ പോലീസ് ക്യാമ്പിന്റെ കവാടം കടന്ന് ക്യാമ്പിനുള്ളിലേക്ക് വരുമ്പോൾ പോലീസിനെ കുറിച്ച് കേട്ടറിഞ്ഞ പലവിധ ചിന്തകളാൽ സമ്മിശ്രമായ മനസ്സോടെയാണ് വന്നതെങ്കിൽ മടങ്ങി പോകുമ്പോൾ മാങ്ങാട്ടുപറമ്പിലെ പോലീസ് ക്യാമ്പ് നൽകിയ സ്നേഹോഷ്മളമായ സ്വീകരണവും കാഴ്ചകളും അറിവുകളും , പുതിയൊരു അനുഭൂതി കുട്ടികളുടെ മുഖങ്ങളിലെല്ലാം തെളിഞ്ഞു കണ്ടു എന്നത് ഏറെ സന്തോഷകരം.
തോക്കുകളെ കുറിച്ചുള്ള കഥകൾ , അവരുടെ നിർമാണവും പ്രവർത്തനവും ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളുമെല്ലാം ആർമർ സബ് ഇൻസ്പെക്ടർ ശ്രീ ദിനേശൻ പി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സവിസ്തരം വിവരിച്ചു കൊടുത്തു. പിസ്റ്റർ ,റിവോൾവർ ഗ്ലോക്ക് പിസ്റ്റൾ , AK 47 , INSAS റൈഫിൾ, SLR, ഗൺ മെഷീൻ, സ്നൈപ്പർ ഗൺ തുടങ്ങിയ ആയുധങ്ങൾ നേരിൽ പരിചയപ്പെട്ടതിന്റെ ആവേശത്തിലും ആഹ്ലാദത്തിലും ആയിരുന്നു ചുഴലി ഹയർ സെക്കൻഡറിയിലെ എസ് പി സി വിദ്യാർത്ഥികൾ.
പോലീസ് കാന്റീനിലെ ചായയും പലഹാരങ്ങളും നൽകിയ സ്നേഹം കുട്ടികളുടെ മുഖങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ജനമൈത്രി വായനശാല സന്ദർശിച്ച വിദ്യാർഥികൾക്ക് വായനശാലയുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാൻ അവസരം ഉണ്ടായി. പോലീസ് പരേഡ് ഗ്രൗണ്ട്, ഫയറിങ് ബട്ട്, സിമ്മിംഗ് പൂൾ , പോലീസ് ക്യാമ്പിലെ ജൈവവൈവിധ്യങ്ങൾ, പോലീസ് ഉദ്യോഗസ്ഥരുടെ നിർമ്മാണ പ്രവർത്തന ങ്ങൾ, പോലീസ് ഡ്യൂട്ടികൾ എന്നിവയെല്ലാം നേരിൽ കാണുന്നതിനും പോലീസ് ക്യാമ്പിനെ നേർക്കാഴ്ചകളിൽ മനസ്സിലാക്കുന്നതിനുമെല്ലാം വിദ്യാർത്ഥികൾക്ക് സൗഹൃദ സന്ദർശനത്തിലൂടെ അവസരം ലഭിച്ചു.
സ്കൂൾ ടു ബറ്റാലിയൻ പ്രോഗ്രാമിന്റെ ഭാഗമായി നടന്ന ചുഴലി ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി സ്റ്റുഡൻസ് ക്യാമ്പ് സന്ദർശനത്തിന് വിശ്വംഭരൻ കെ, ആർമർ സബ് ഇൻസ്പെക്ടർ ദിനേശൻ പി, അനൂപ് ഇടവലത്ത് എന്നിവർ വിവിധ ക്ലാസുകൾ എടുക്കുകയും ചുഴലി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരായ ശ്രീജേഷ് മാഷ് , സുഷമ ടീച്ചർ (spc ചാർജ്ജ്)സിനി ടീച്ചർ, അനൂപ് മാഷ് (ഫിസിക്കൽ എഡ്യൂക്കേഷൻ) എന്നിവർ പ്രോഗ്രാമിന് നേതൃത്വം നല്കുകയും ചെയ്തു. SPC സ്റ്റുഡന്റസ് ഗൗരി നന്ദ മുഹമ്മദ് റിഷാ എന്നിവർ ക്യാമ്പ് അനുഭവങ്ങൾ പങ്ക് വെച്ചു.
വിശ്വംഭരൻ കെ