വയനാട് ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് 25 വീടുകൾ വെച്ച് കൊടുക്കാൻ ജില്ലയിലെ സ്വകാര്യ ബസ്സുകളുടെ കാരുണ്യയാത്ര
കണ്ണൂർ : വയനാട് ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് 25 വീടുകൾ വെച്ച് കൊടുക്കാൻ ജില്ലയിലെ സ്വകാര്യ ബസ്സുകൾ 17 ന് കാരുണ്യയാത്ര നടത്തുമെന്ന് ജില്ലാബസ്സുടമസ്ഥ സംഘം അസോസി യേഷൻ ജനറൽ സിക്രട്ടറി രാജ്കുമാർ കരുവാരത്ത് അറിയിച്ചു. സംസ്ഥാന ഫെഡറേഷൻ സ്റ്റേറ്റ് കമ്മിറ്റി കഴിഞ്ഞ മാസം തൃശ്ശൂരിൽ യോഗം ചേർന്നാണ് വീടു നഷ്ടപ്പെട്ടവർക്ക് 25വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണ് 17 ന് ജില്ലയിൽ കാരുണ്യയാത്ര നടത്തുന്നത്. കാലത്ത് 9-30 ന് താവക്കര പുതിയ ബസ്സ് സ്റ്റാന്റിൽ മേയർ മുസ്ലീഹ് മഠത്തിൽ സ്വകാര്യബസ്സുകളുടെ കാരുണ്യയാത്ര ഉൽഘാടനം ചെയ്യും. കാരുണ്യയാത്രയിലൂടെ കിട്ടുന്ന പണം അടുത്ത ദിവസം സംസ്ഥാന ഫെഡറേഷനെ ഏല്പിക്കാനും അതു വഴി വീട് നിർമ്മിച്ചു നൽകുവാനുമാണ് തീരുമാനം.ജില്ലയിലെ മുഴുവൻ ബസ്സുടമകളും ജീവനക്കാരും യാത്രക്കാരും സഹകരിക്കണമെന്ന് സിക്രട്ടറി അഭ്യർത്ഥിച്ചു.
പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെഭാഗമായിസർക്കാറിന്റെ ബസ്സ് റൂട്ട് രൂപവൽക്കരണവുമായി ബന്ധപ്പെട്ട് ജനകീയ സദസ്സ് നടത്തുമ്പോൾ ബസ്സുടമസ്ഥ സംഘം ഭാരവാഹികളേക്കൂടി ഉൾപ്പെടുത്തണമെന്നും അവരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുക്ക ണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ടൌൺ കേന്ദ്രീകരിച്ച് സ്വകാര്യ ബസ്സുകളുടെ ഫോട്ടൊ എടുത്ത് ഏകപക്ഷീയമായി ഫൈൻ ഇട്ട ശേഷം ഉടമകളുടെ മൊബൈൽ ഫോണിൽ അറിയിക്കുന്നത് മൂലം മെമ്പർമാർക്ക് അവരുടെ തെറ്റ് കുറ്റങ്ങൾ അറിയിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെടുകയാണ്. ഈ കാര്യം നിരവധിതവണ ബന്ധപ്പെട്ടവരെ അറിയിച്ചുവെങ്കിലും അനുകൂല നടപടി ഇതുവരെ ഉണ്ടായിട്ടില്ല. അതോടൊപ്പം കാലവർഷക്കെടുതി മൂലം പുതുതായി നിർമ്മിക്കുന്ന എൻ എച്ച് 66 സർവ്വീസ് റോഡ് പല ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് നാമാവശേഷ മായതിനാൽ ബസ്സുകൾ അപകടകരമായ രീതിയിലാണ് സർവ്വീസ് നടത്തുന്നതെന്നും അതുകൊണ്ട് സർവ്വീസ് റോഡുകൾ എത്രയുംപെട്ടെന്ന് റിപ്പയർ ചെയ്ത ഗതാഗത യോഗ്യമാക്കണമെന്നും ബസ്സുടമകൾ ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി പി മോഹനൻ, വൈസ് പ്രസിഡണ്ട് കെ പി മുരളിധരൻ, സി ക്ര ട്ടറി കെ പി മോഹനൻ, പി രാജൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.