കാസർകോട് പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച സംഭവം; 15 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്തു
കാസർകോട് : കാസർകോട് ചിത്താരിയിൽ പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച കേസിൽ 15 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ ആറ് വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. സ്കൂളിൽ ഷൂ ധരിച്ചെത്തിയതിന് കഴിഞ്ഞ തിങ്കളാഴ്ച ചിത്താരി ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിലാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. മർദനമേറ്റ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കേസ്. കണ്ടാലറിയുന്ന 15 പ്ലസ് ടു വിദ്യാർഥികൾക്കെതിരെയാണ് കേസ്. സ്കൂളിനടുത്തുള്ള ബസ് സ്റ്റോപ്പിൽ വച്ചാണ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചത്. നിലവിൽ റാഗിങ് വകുപ്പുകൾ ചേർത്തിട്ടില്ല. സ്കൂളിൽ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കും.