തലസ്ഥാനത്ത് കോളറ പടരുമ്പോഴും ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്
തിരുവനന്തപുരം : തലസ്ഥാനത്ത് കോളറ പടരുമ്പോഴും ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. കോളറ വ്യാപനത്തെ നിയന്ത്രിക്കുന്നതിലും കാര്യക്ഷമമായ പ്രതിരോധ ദൗത്യത്തിലും രോഗത്തിന്റെ ഉറവിടം കണ്ടെത്തൽ സുപ്രധാനമാണ്. അല്ലെങ്കിൽ രോഗം നിയന്ത്രണവിധേയമാവുകയും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും വേണം. എന്നാൽ നെയ്യാറ്റിൻകരയിൽ ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുകയാണ്. ചൊവ്വാഴ്ച ഒരാൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചതെങ്കിൽ ബുധനാഴ്ച രണ്ടുപേർക്ക് കൂടി രോഗബാധയുണ്ടായി. വ്യാഴം, വെള്ളി ദിവസങ്ങളിൽ നാലുപേർക്ക് വീതവും.
ഫലത്തിൽ വെള്ളിയാഴ്ച വരെ 11 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. 20ഓളംപേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലുമാണ്. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ദിവസംതന്നെ ആരോഗ്യവകുപ്പ് അധികൃതർ നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർഹോമിലെത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഹോസ്റ്റലിലെ കിണർ വെള്ളം പരിശോധനക്കയച്ചെങ്കിലും വിബ്രിയോ കോളറ എന്ന ബാക്ടീരിയ സാന്നിധ്യം കണ്ടെത്താനായില്ല. നാല് ദിവസം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ വ്യക്തത വരാത്തത് ചെറുതല്ലാത്ത ആശങ്ക ഉയർത്തുകയാണ്. മുമ്പ് സംസ്ഥാനത്തേക്ക് കോളറയെത്തിയിരുന്നത് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ വഴിയായിരുന്നു. ഒപ്പം അതിർത്തി ജില്ലകളിലും. എന്നാൽ തലസ്ഥാനത്തെ രോഗപ്പകർച്ചക്ക് ഇങ്ങനെയൊരു പശ്ചാത്തലമില്ല.