യുവതിയെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൊല്ലം : മൈനാഗപ്പള്ളി ആനൂർക്കാവിൽ യുവതിയെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് കസ്റ്റഡി കാലാവധി അവസാനിക്കുക. രണ്ട് ദിവസത്തേക്കാണ് രണ്ട് പേരെയും കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. മൂന്ന് ദിവസം നല്കാന് പാടില്ലെന്നും രണ്ട് മണിക്കൂര്‍ കസ്റ്റഡിയില്‍ നല്‍കണമെന്നും ശ്രീക്കുട്ടിയുടെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അപകടത്തിന് ശേഷം പ്രതികള്‍ വാഹനവുമായി രക്ഷപ്പെട്ടതിന് പിന്നിൽ മറ്റെന്തെങ്കിലും കാര്യങ്ങൾ ഉണ്ടോയെന്നതിലായിരുന്നു പ്രധാനമായുo കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യല്‍. രണ്ടു സംഘങ്ങളായി തിരിഞ്ഞുള്ള ചോദ്യം ചെയ്യലിൽ പ്രതികളായ അജ്മലിൻ്റെയും ഡോക്ടർ ശ്രീക്കുട്ടിയുടേയും ലഹരി ഉപയോഗം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പൊലീസ് ലഭിച്ചുവെന്നാണ് വിവരം. ചോദ്യം ചെയ്യലിനോട് പ്രതികൾ സഹകരിക്കുന്നുണ്ടെങ്കിലും മൊഴികളിൽ വൈരുദ്ധ്യം നിലനിൽക്കുന്നുണ്ട്.
അതേസമയം കേസിലെ പ്രതികളുടെ മൊഴി റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. ട്രാപ്പില്‍ പെട്ടു പോയതാണെന്ന് ശ്രീക്കുട്ടി പൊലീസിന് നൽകിയ മൊഴിയില്‍ പറയുന്നത്. 13 പവന് സ്വര്‍ണ്ണഭരണങ്ങളും 20,000 രൂപയും അജ്മലിന് നല്‍കിയെന്നും മദ്യം കുടിക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചിരുന്നുവെന്നുമാണ് ശ്രീക്കുട്ടിയുടെ മൊഴി. അജ്മലിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മദ്യം കുടിച്ചത്. താന്‍ പെട്ടുപോയതാണെന്നുമായിരുന്നു ശ്രീക്കുട്ടി നല്കിയ മൊഴി. എന്നാല്‍ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നല്‍കിയതെന്നാണ് അജ്മല്‍ പറഞ്ഞത്. ‘മനപ്പൂര്‍വ്വം ആയിരുന്നില്ല യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത്. വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ പറയുന്നത് കേട്ടു. പക്ഷേ എന്തായിരുന്നുവെന്ന് അറിയില്ല. എന്തിലൂടോ വാഹനം കയറി ഇറങ്ങിയതായി പിന്നീട് മനസിലായി,’ അജ്മല്‍ പൊലീസിന് നല്കിയ മൊഴി. വാഹനം മുന്നോട്ട് എടുത്തത് തന്റെ നിര്‍ദ്ദേശപ്രകാരമല്ലെന്നും അജ്മല്‍ പറഞ്ഞിരുന്നു. തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.