കൊട്ടിയൂരിൽ ഇന്ന് ഇളനീർ വയ്പ്പ്
കൊട്ടിയൂർ :കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവയ്പ്പ്ഇന്ന് .വിവിധ മഠങ്ങളിൽനിന്ന് ദീർഘദൂരം ഇളനീർക്കാവുകളുമായി നടന്നെത്തിയവർ ക്ഷേത്രത്തിന്റെറെ കിഴക്കേനടയിൽ ബാവലിപ്പുഴക്കരയിൽ ഇളനീർവയ്പ്പിനുള്ള സമയം കാത്തിരിക്കും. വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽനിന്ന് എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി വൈകിട്ടോടെ കൊട്ടിയൂരിലെത്തും. രാത്രിയിലെ പൂജയും ശ്രീഭൂതബലിയും കഴിയുന്നതോടെ കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിലെ കിഴക്കേനടയിൽ തട്ടും പോളയും വിരിക്കും. വാക്കന്റെ കുഴലൂത്തിന്റെയും മുന്നൂറ്റാന്റെ വാദ്യത്തിന്റെയും അകമ്പടിയോടെ വീരഭദ്ര വേഷത്തിൽ അഞ്ഞൂറ്റാൻ കിഴക്കേനടയിലേക്ക് എഴുന്നള്ളി ഒറ്റക്കാലിൽ നിലയുറപ്പിക്കും. കുടിപതി കാരണവർ വെള്ളിക്കിടാരംവച്ച് രാ വിളിക്കുന്നതോടെ ഇളനീർവയ്പ്പ് തുടങ്ങും. ബാവലിപ്പുഴയിൽ ഇളനീർക്കാവുമായി മുങ്ങിയെണീറ്റ് സന്നിധാനത്തിലേക്ക് ഓടിയെത്തി, മൂന്ന് വലംവച്ചതിന് ശേഷമാണ് ഇളനീർകാവുകൾ പെരുമാൾക്ക് സമർപ്പിക്കുക.ഇളനീർവയ്പ്പിനൊപ്പം എരുവട്ടി തണ്ടയാൻ ഒരുകുടം എള്ളെണ്ണയും സമർപ്പിക്കും. ഏറ്റവും ഒടുവിലായിരിക്കും എണ്ണ സമർപ്പണം. തണ്ടയാന്മാർ ഇളനീർ ചെത്തുന്നതിനുള്ള കത്തികളുമെത്തിക്കും.