ചിരിയുടെ ആശാന് വിട
കൊച്ചി:പ്രശസ്ത മലയാളം ചലച്ചിത്ര നടൻ സലിം കുമാർ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ശനിയാഴ്ച രാത്രി ആണ് അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം നേരത്തെ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.ഹാസ്യ വേഷങ്ങളിലൂടെയാണ് സലിം കുമാർ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. ഹാസ്യത്തിനപ്പുറം സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് അദ്ദേഹം തെളിയിച്ചു.
1996-ൽ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന ചിത്രത്തിലൂടെയായിരുന്നു സലിം കുമാറിന്റെ സിനിമാ അരങ്ങേറ്റം. മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സലിം കുമാറിനെ തേടിയെത്തി. 2006-ൽ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2011-ൽ ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കി. കറുത്ത ജൂതൻ , കംപാർട്ട്മെന്റ്, മൂന്നാം നാൾ ഞായറാഴ്ച എന്നീ സിനിമകൾ സംവിധാനം ചെയ്തു. മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.