സലിം കുമാറിൻ്റെ നടനവിസ്മയങ്ങൾ
കൊച്ചി:മലയാള സിനിമയിലെ എണ്ണം പറഞ്ഞ കോമേഡിയൻമാരിൽ ഒരാളായി പൊതുവെ സലിം കുമാറിനെ അടയാളപ്പെടുത്താറുണ്ട്. ഹാസ്യവേഷങ്ങൾ മാത്രമല്ല സ്വഭാവ വേഷങ്ങളിലും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ച നടൻ കൂടിയാണ് അദ്ദേഹം. ദേശീയ പുരസ്കാര നേട്ടം മുതൽ ഓസ്കറിൽ ഇന്ത്യൻ നോമിനിയായാണ് സലിം കുമാറിൻ്റെ ക്യാരക്ടർ വേഷങ്ങൾ.
സലിം കുമാറിൽ നല്ലൊരു കോമേഡിയൻ മാത്രമല്ല മികച്ചൊരു സ്വഭാവ നടൻ കൂടിയുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് സംവിധായകൻ കമലാണ്. 2004-ൽ ടി.എ. റസാഖിൻ്റെ രചനയിൽ കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാല’ത്തിലെ ആമു എന്ന കഥാപാത്രത്തിലൂടെ സലിം കുമാർ തന്നിലെ നടനെ പൊളിച്ചെഴുതി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ കോടതിയിൽ കഴിയുന്ന അക്ബറിൻ്റെ വീട്ടിലേക്ക് എത്തുന്ന ഭക്ഷണപ്രിയനായ ഔചിത്യമില്ലാത്ത ആമു എളപ്പയുടെ വേഷത്തിൽ സലിം നിറഞ്ഞാടി. നീറി പുകഞ്ഞ് കഴിയുന്ന അക്ബറിൻ്റെ കുടുംബാംഗങ്ങളുടെ ഇടയിലേക്ക് ‘സുഹുദി അറബ്യേയാണ് നാട്, ശെരിയത്താണ് കോടതി, വെട്ടാൻ പറഞ്ഞാൽ തല വെട്ടും’ എന്ന് പറഞ്ഞ് പാഞ്ഞെത്തുന്ന കഥാപാത്രം പ്രേക്ഷകർക്ക് ഉണ്ടാക്കുന്ന ആലോസരം ചെറുതല്ല. അത് തന്നെയായിരുന്നു ആ കഥാപാത്രത്തിൻ്റെ വിജയവും.രണ്ട് വർഷങ്ങൾക്ക് ശേഷം ബാബു ജനാർദ്ദൻ്റെ രചനയിൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛൻ ഉറങ്ങാത്ത വീട്’ എന്ന സിനിമയിലൂടെ സലിം സ്വാഭവ നടൻ എന്ന നിലയിൽ തൻ്റെ ഗ്രാഫ് ഉയർത്തി. ഭാര്യയുടെ വിയോഗത്തിനു ശേഷം കടുത്ത ദാരിദ്ര്യത്തിലും പ്രതിസന്ധികളിലും മൂന്ന് പെൺമക്കളെ സ്നേഹത്തോടെ വളർത്തുന്ന സാമുവേൽ എന്ന പിതാവിൻ്റെ വേഷമായിരുന്നു ചിത്രത്തിൽ സലിം കുമാറിൻ്റേത്. ഇളയ മകളായ ലിസമ്മയുടെ തിരോധാനവും പിന്നിട്ട് അവളെ കണ്ടെത്തുമ്പോൾ അവൾ കൊടിയ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന തിരിച്ചറിവും ആ കുടുംബത്തെ ഉലച്ചു കളയുന്നു. നിസഹായനായ പിതാവിൻ്റെ ഉൾപ്പെരുക്കങ്ങളെ തീവ്രത നഷ്ടപ്പെടുത്താതെ സലിം സ്ക്രീനിലേക്ക് പകർത്തിവെക്കുന്നു.
2009-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര സമാഹാരം എന്നു വിശേഷിപ്പിക്കാവുന്ന ‘കേരള കഫേ’യിലും സലിം കുമാർ ഗംഭീര പ്രകടനം പുറത്തെടുത്തു. ഉണ്ണി ആറിൻ്റെ രചനയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘ബ്രിഡ്ജിൽ മണികണ്ഠൻ’ എന്ന കഥാപാത്രത്തെയാണ് സലിം കുമാർ അവതരിപ്പിച്ചത്. തീർത്തും ദരിദ്രമായ പശ്ചാത്തലത്തിൽ ഭാര്യക്കും അമ്മയ്ക്കും ഒപ്പം ജീവിക്കുന്ന മണികണ്ഠൻ ജീവിതത്തിൻ്റെ രണ്ട് ഓർമ്മകൾ കൂട്ടിമുട്ടിക്കാൻ കഴിയാതെ ഉഴലുന്ന കഥാപാത്രമാണ്. ഭാര്യയുടെയും കിടപ്പ് രോഗിയായ അമ്മയുടെയും ഇടയിൽ നിസഹായനായി പോകുന്ന കഥാപാത്രത്തെ സലിം അവിസ്മരണീയമാക്കുന്നു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ അമ്മയെ ഉപേക്ഷിക്കേണ്ടി വരുന്ന മകൻ്റെ ദൈന്യതയെ അയാൾ സ്ക്രീനിലേക്ക് പകർത്തുമ്പോൾ പ്രേക്ഷകരുടെ കണ്ണിൽ നനവ് പടർത്തുന്ന കഥാപാത്രമായി അത് പരിണമിക്കുന്നു.2011-ൽ സലിം അഹമ്മദ് എന്ന നവാഗതൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ആദാമിൻ്റെ മകൻ അബു’വിലൂടെ സലിം കുമാർ ദേശീയ ശ്രദ്ധ നേടിയ താരമായി മാറി. മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ‘ആദാമിൻ്റെ മകൻ അബു’വിലൂടെ സലിം കുമാറിനെ തേടിയെത്തി. അതിദരിദ്രനായ അത്തർ അനുബന്ധക്കാരൻ അബുവിൻ്റെയും ഭാര്യ ഐഷുമ്മയുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഇസ്ലാം മതവിശ്വാസ പ്രകാരം പുണ്യകർമ്മമായ ‘ഹജ്ജ് തീർത്ഥാടനം’ നടത്തുക എന്നതാണ്. ഹജ്ജിനു പോകാനുള്ള പണം കണ്ടെത്താൻ തെറ്റായ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ അബു തയ്യാറല്ല. ഒടുവിൽ വീട്ടുപറമ്പിലെ പ്ലാവ് വെട്ടി വിറ്റാണ് അയാൾ പണം കണ്ടെത്തുന്നത്. ഒടുവിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കാത്തിരിക്കുമ്പോൾ സാങ്കേതിക പിഴവുകൾ കാരണം ഹജ്ജിനു പോകാൻ കഴിയാതെ വരുന്നു. അപ്പോഴും ദൈവഹിതത്തിനു മുന്നിൽ ശാന്തനായി അയാൾ തലകുനിക്കുന്നു.
വാർദ്ധക്യത്തിൻ്റെ അവസ്ഥകളും മനസ്സിലെ ഭക്തിയും നിസ്സഹായാവസ്ഥയും ശാന്തവും സ്വാഭവികവുമായി സലിം കുമാർ സ്ക്രീനിലേക്ക് പകർത്തുന്നു. ഇന്ത്യയിലെ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കർ നോമിനിയായും സലിം കുമാർ നായകനായി എത്തിയ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.2018-ൽ പുറത്തിറങ്ങിയ ‘ക്വീൻ’ എന്ന ചിത്രത്തിൽ അഭിഭാഷക വേഷത്തിലാണ് സലിം കുമാർ എത്തുന്നത്. ചിത്രത്തിൽ ഇരുപത് മിനിറ്റ് ദൈർഖ്യം മാത്രമുള്ള കാമിയോ വേഷത്തിലാണ് എത്തുന്നതെങ്കിലും കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന കഥാപാത്രമാണ് സലിം കുമാറിൻ്റെ വക്കീൽ വേഷം. ചിന്നു എന്ന വിദ്യാർത്ഥിനിയുടെ കൊലപാതക കേസിൻ്റെ വിചാരണ വേളയിൽ സലിം കുമാറിൻ്റെ മുകുന്ദനുണ്ണി എന്ന അഭിഭാഷക കഥാപാത്രം കോടതിമുറിയിൽ ഉന്നയിക്കുന്ന “ഏതാണ് ഇവിടെ ഒരു പഠനത്തിന് അസമയം’ ചോദ്യം സദാചാര പൊലീസിങ് നടത്തുന്ന കേരള സമൂഹത്തിന് നേരെയുള്ള മൂർച്ചയേറിയ ഡയലോഗായി മാറി.
2015-ൽ ദീപു കരുണാകരൻ സംവിധാനം ചെയ്ത ‘ഫയർമാൻ’ എന്ന ചിത്രത്തിലെ നരേന്ദ്രൻ ആചാരി സലിം കുമാറിൻ്റെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമായിരുന്നു. ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള നിഗുഢത നിറഞ്ഞ കഥാപാത്രമായാണ് സലിം കുമാർ വേഷമിടുന്നത്. മകളുടെ ചികിത്സയുമായി നഗരത്തിലെത്തുന്ന ഒരു സാധാരണക്കാരനിൽ നിന്ന് ആ നഗരത്തെ ഭീതിയിലാഴ്ത്തിയ ഒരു സ്ഫോടനത്തിലേക്കും അട്ടിമറിയിലേക്കും നീളുന്ന അടിമുടി ദുരൂഹമായ കഥാപാത്രം.