കൊട്ടിയൂരിൽ നിന്നും മുതിരേരിവാൾ മടങ്ങി; ദക്ഷിണ കാശിയായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പരിസമാപ്തിയായി
കണ്ണൂർ : കൊട്ടിയൂരിൽ നിന്നും മുതിരേരിവാൾ മടങ്ങി. മണിത്തറയിൽ ചോതി വിളക്ക് അണഞ്ഞു. ദക്ഷിണ കാശിയായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പരിസമാപ്തിയായി. മെയ് 21ന് അക്കര മണിത്തറയിൽ തെളിയിച്ച ചോതിവിളക്ക് മിഥുലത്തിലെ ചിത്തിരനാളായ തിങ്കളാഴ്ച രാവിലെ അണഞ്ഞു. വയനാട് മാനന്തവാടിക്കടുത്ത് മുതിരേരി ക്ഷേത്രത്തിൽ നിന്ന് ചോതിനാളിൽ എഴുന്നള്ളിച്ചു കൊണ്ടുവന്ന മുതിരേരി വാൾ തിരിച്ചെഴുന്നള്ളി. ചിത്തിരനാളിൽ മണിത്തറയിലെ സ്വയംഭൂവിൽ കളഭാഭിഷേകം നടന്നു. രാവിലെ വാകചാർത്തിന് ശേഷമാണ് ചോതിവിളക്ക് അണഞ്ഞത്. ചോതിവിളക്ക് അണയ്ക്കുന്നതിന് മുമ്പായി മച്ചൻ നമ്പൂതിരി മറ്റുവിളക്കുകൾ ഇറക്കിവച്ചു.
കൈക്കോളന്മാർ യഥാസമയം തന്നെ വിളക്കുകൾ അക്കരെ എത്തിച്ചു. പിന്നീട് നമ്പീശനും വാര്യരും ചേർന്ന് ശ്രീകോവിലിന്റെ നാല് തൂണുകളും ഒന്നായി കടപുഴക്കിയെടുത്ത് തിരുവഞ്ചിറയുടെ പടിഞ്ഞാറു ഭാഗത്തേക്ക് തള്ളി. ഇതോടെ മണിത്തറ കലശ്ശാട്ടിന് വേദിയായി. പൂജിച്ചുവച്ച കളഭകുംഭങ്ങൾ വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. രണ്ട് കലശങ്ങളിൽ ഒന്ന് പാലക്കുന്നം നമ്പൂതിരിയും മറ്റേത് പടിഞ്ഞീറ്റ നമ്പൂതിരിയും ആണ് കൊണ്ടുവന്നത്. തന്ത്രിയുടെ പൂജ കഴിഞ്ഞതിനുശേഷം ബ്രാഹ്മണർ കലശ പാത്രം തൊട്ട് വന്ദിച്ച് ജപിക്കുന്നു. ഒന്നാമത്തെ കളഭകുംഭം നന്ത്യാർവള്ളിയുടെ നേതൃത്വത്തിലും രണ്ടാമത്തേത് കോഴിക്കോട്ടിരിയുടെ നേതൃത്വത്തിലും സ്വയംഭൂവിൽ ആടി. പടിഞ്ഞിറ്റ നമ്പൂതിരിയാണ് കലശ്ശാട്ടത്തിന് കാർമികത്വം വഹിച്ചത്. കള ഭാട്ടത്തിനുശേഷം സമസ്താപരാധവും പൊറുക്കുന്നതിനായി പൂർണ്ണപുഷ്പാഞ്ജലി നടന്നു. കളഭാഭിഷേക തീർത്ഥംഭക്തർക്ക് പ്രസാദമായി നൽകി.