ഭക്തർക്ക് തണലൊരുക്കി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങളും, സെയ്യദ് നഗർ ജുമാമസ്ജിദ് കമ്മിറ്റിയും, വ്യാപാരി സംഘടനയും
തളിപ്പറമ്പ് :കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ അകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കും എത്തുന്നത്. കഴിഞ്ഞ ദിവസം വാഹനങ്ങൾ ഉൾക്കൊള്ളാനാവാതെ തളിപ്പറമ്പും പരിസരവും വൻ ഗതാഗതക്കുരുക്കിലായി. ട്രാഫിക് കുരുക്കഴിക്കാൻ മുസ്ലിം യൂത്ത് ലീഗിന്റെ തളിപ്പറമ്പ് മുനിസിപ്പൽ വൈറ്റ് ഗാർഡ് അംഗങ്ങൾ സജീവമായി രംഗത്തിറങ്ങി. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.വി. മുഹമ്മദ് കുഞ്ഞിയുടെ നിർദ്ദേശപ്രകാരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വളണ്ടിയർമാർ ഈദ് ഗാഹ് ഗ്രൗണ്ടിലേക്ക് വാഹനങ്ങൾ തിരിച്ചുവിട്ട് ഗതാഗതം സുഗമമാക്കി. വാഹനങ്ങൾ കൃത്യമായി പാർക്ക് ചെയ്യാനും, ദർശനം കഴിഞ്ഞ് മടങ്ങുന്നവരെ മറ്റൊരു വഴിയിലൂടെ സുരക്ഷിതമായി കയറ്റിവിടാനും വൈറ്റ് ഗാർഡ് അംഗങ്ങൾ മുന്നിൽ നിന്നു.ദൂരദേശങ്ങളിൽ നിന്ന് മണിക്കൂറുകളോളം യാത്ര ചെയ്ത് ക്ഷീണിച്ചെത്തിയ സ്ത്രീകൾ അടക്കമുള്ള ഭക്തർക്കും ഡ്രൈവർമാർക്കും സെയ്യദ് നഗർ ജുമാമസ്ജിദ് കമ്മിറ്റി ആശ്രയമായി . പള്ളിയിലെ ടോയ്ലറ്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ജമാഅത്ത് കമ്മിറ്റി ഭക്തർക്കായി വിട്ടുനൽകി. ഇതിനുപുറമെയാണ് തളിപ്പറമ്പിലെ വ്യാപാരി സമൂഹവും ഈ കാരുണ്യപ്രവർത്തിയിൽ പങ്കാളികളായത്. ചേർത്തല, തിരുവനന്തപുരം ഭാഗങ്ങളിൽ നിന്നും രണ്ട് ബസ്സുകളിലായി എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിന് ഹോട്ടലുകളിലോ റൂമുകളിലോ ഇടം കിട്ടാതെ വന്നതോടെ വൈറ്റ് ഗാർഡ് നേതൃത്വം വ്യാപാരി സംഘടനയെ വിവരമറിയിക്കുകയായിരുന്നു. ഭക്തരുടെ ബുദ്ധിമുട്ട് അറിഞ്ഞയുടൻ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കെ.എസ്. റിയാസ്, വി. താജുദ്ദീൻ, ടി. ജയരാജ് എന്നിവർ ചേർന്ന് വ്യാപാരി ഭവൻ ഓഡിറ്റോറിയം ഹാൾ ഇവർക്കായി തുറന്നുകൊടുത്തു.ജാതിയും മതവും രാഷ്ട്രീയവുമെല്ലാം മനുഷ്യനെ അകറ്റാൻ ഉപയോഗിക്കുന്ന ആധുനിക കാലത്ത്, മനുഷ്യത്വമാണ് എല്ലാറ്റിനും മീതെയെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് തളിപ്പറമ്പിലെ ഈ മനുഷ്യർ