
ഗില്ലിൻ-ബാരി സിൻഡ്രോം മുംബൈയിലും; കനത്ത ജാഗ്രതയിൽ മഹാരാഷ്ട്ര
മുംബൈ : മഹാരാഷ്ട്രയിലെ പൂനെ മേഖലയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ചതായി സംശയിക്കപ്പെടുന്നവരുടെ എണ്ണം 180 ആയി വർധിച്ചു. ഇത് വരെ 6 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അതെ സമയം മുംബൈയിലും അപൂർവ്വ രോഗത്തിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതോടെ കനത്ത ജാഗ്രതയിലാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ പൂനെയിൽ കഴിഞ്ഞ ദിവസം 7 പുതിയ കേസുകൾ കൂടി കണ്ടെത്തിയതോടെ പ്രദേശത്ത് ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ചതായി സംശയിക്കപ്പെടുന്നവരുടെ എണ്ണം 180 ആയി വർധിച്ചിരുന്നു. മുംബൈയിൽ അന്ധേരി ഈസ്റ്റിൽ താമസിക്കുന്ന രോഗി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പുനെയിൽ സംശയിക്കപ്പെടുന്ന 180 കേസുകളിൽ 146 പേർക്ക് ജിബിഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. വൈറൽ അണുബാധകൾ സാധാരണയായി രോഗികളുടെ പ്രതിരോധശേഷി ദുർബലപ്പെടുത്തുന്ന തോടെയാണ് ജിബിഎസിലേക്ക് നയിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
ജിബിഎസിന്റെ ഗുരുതരമായ കേസുകൾ പൂർണ്ണമായ പക്ഷാഘാതത്തിന് കാരണമാകും. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാമെങ്കിലും, അപൂർവമായ ഈ രോഗം മുതിർന്നവരിലും പുരുഷന്മാരിലും കൂടുതലായി കാണപ്പെടുന്നു. വർദ്ധിച്ചുവരുന്ന ജിബിഎസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, പൂനെ മുനിസിപ്പൽ കോർപ്പറേഷൻ (പിഎംസി) പൂനെ നഗരത്തിലെ സിൻഗഡ് റോഡിലെ നാന്ദേഡ് ഗ്രാമം, ധയാരി, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ 30 സ്വകാര്യ ജലവിതരണ പ്ലാന്റുകൾ അടച്ചുപൂട്ടി. അപൂർവങ്ങളിൽ അപൂർവമായ രോഗമായ ജിബിഎസ് നാഡീവ്യവസ്ഥയെ ബാധിക്കുന്നതായതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടസാധ്യത കൂടുതലുള്ള രോഗമാണ്. രോഗബാധയുടെ ആദ്യ ലക്ഷണം പേശികളിലെ ബലക്ഷയമാണ്. എത്രയും വേഗം ചികിത്സ തേടിയാൽ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്ന രോഗമാണ് ഗില്ലൻ-ബാരി സിൻഡ്രോം.