പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്കി
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്കി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് രാജിക്കത്ത് നല്‍കിയത്. മോദിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു. കാവല്‍ മന്ത്രിസഭ തുടരാന്‍ രാഷ്ട്രപതി നിര്‍ദ്ദേശം നല്കി. കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. ഇന്ന് രാവിലെ നടന്ന കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷമാണ് നരേന്ദ്ര മോദി രാജിക്കത്ത് നല്‍കാനായി രാഷ്ട്രപതി ഭവനിലേക്ക് പോയത്. ഇന്ന് വൈകിട്ട് നാല് മണിക്ക് എന്‍ഡിഎ മുന്നണി യോഗം ചേര്‍ന്ന ശേഷം സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തും. ആന്ധ്രപ്രദേശിലെ തെലുഗു ദേശം പാര്‍ട്ടിയും ബിഹാറിലെ ജെഡിയുവും എന്‍ഡിഎക്കൊപ്പമുണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തില്‍ ഇരുപാര്‍ട്ടികളെയും പ്രതിനിധീകരിച്ച് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പങ്കെടുക്കും.