ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടല്‍; അഞ്ച് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ : ജമ്മു- കശ്മീരിലെ കഠ്വ ജില്ലയിൽ അഞ്ച് സൈനികർക്ക് ജീവൻ നഷ്ടമാകാനിടയാക്കിയ ആക്രമണം നടത്തിയത് അതിർത്തി കടന്നെത്തിയ ഭീകരരെന്ന് നിഗമനം. കഠ്വ ജില്ലയിലെ മചേഡിയിൽ സൈനികരുടെ പട്രോളിങ്ങിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ആദ്യം സൈനിക വാഹനത്തിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ഇതിന് പിന്നാലെ തുരുതുരാ വെടിയുതിർക്കുകയും ചെയ്തു. ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് ആക്രമണമുണ്ടായത്. കഠ്വയിൽ നിന്ന് 150 കമിലോമീറ്റർ അകലെ മചേഡി-കിൻഡ്ലി-മൽഹാർ പാതയിലൂടെയായിരുന്നു സൈനിക വാഹനം സഞ്ചരിച്ചത്. സൈന്യത്തിന്റെ കമാൻഡോ സംഘവും വനമേഖലയിൽ അധികമായി നിയോഗിച്ച സംഘവുമാണ് പട്രോളിങ് സംഘത്തിലുണ്ടായിരുന്നത്. ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ അപ്രതീക്ഷിത ആക്രമണം നടത്തുകയായിരുന്നു. അതിർത്തി കടന്നെത്തിയ മൂന്ന് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൈന്യത്തിന് ലഭിച്ച വിവരം. വെടിവെപ്പുണ്ടായതോടെ സൈന്യം തിരിച്ചടിച്ചെങ്കിലും ഭീകരർ കാട്ടിലേക്ക് മറയുകയായിരുന്നു. പരിക്കേറ്റ അഞ്ച് സൈനികരെ ആശുപത്രിയി ലെത്തിച്ചെങ്കിലും വീരമൃത്യു വരിച്ചു. ഏറ്റുമുട്ടൽ മേഖലയിൽ കൂടുതൽ സൈന്യമെത്തി തിരച്ചിൽ നടത്തുകയാണ്.