എലത്തൂർ കൊലപാതകം; പ്രതി വൈശാഖുമായി ഇന്ന് തെളിവെടുപ്പ് നടത്തും
കോഴിക്കോട് : ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖിനെ (35) ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ആത്മഹത്യയെന്ന് കരുതിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും സിസിടിവി ദൃശ്യങ്ങളുമാണ് കൊലപാതക ത്തിന്റെ ചുരുളഴിച്ചത്. കേസിൽ പ്രതിയെ ഫെബ്രുവരി രണ്ടാം തീയതി വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
യുവതിയുമായുള്ള ദീർഘകാല ബന്ധം തന്റെ കുടുംബം അറിയുമെന്ന ഭയമാണ് വൈശാഖിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. തന്നെ വിവാഹം കഴിക്കണ മെന്ന് യുവതി നിർബന്ധിച്ചതോടെ, ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഇയാൾ വർക്ക് ഷോപ്പിലേക്ക് വിളിച്ചുവരുത്തുകയായി രുന്നു. ജ്യൂസിൽ ഉറക്കുഗുളിക കലർത്തി നൽകി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
യുവതിയുടെ മരണശേഷവും പ്രതി മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു വെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ റിമാൻഡ് റിപ്പോർട്ടിലുണ്ട്. പ്രതിക്ക് ലൈംഗിക വൈകൃതങ്ങൾ ഉള്ളതായും അന്വേഷണസംഘം സൂചിപ്പിക്കുന്നു. യുവതിക്ക് 16 വയസ്സുള്ളപ്പോൾ മുതൽ വൈശാഖൻ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ഡയറിക്കുറിപ്പുകളിൽ നിന്ന് വ്യക്തമായതോടെ ഇയാൾക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. സംഭവം നടന്ന ശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വർക്ക് ഷോപ്പിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റാൻ വൈശാഖൻ ശ്രമിച്ചിരുന്നു. എന്നാൽ പൊലീസ് വേഗത്തിൽ ഇടപെട്ട് സ്ഥാപനം സീൽ ചെയ്തതോടെ ഈ നീക്കം പരാജയപ്പെട്ടു. വർക്ക് ഷോപ്പിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണ്ണായക തെളിവായി മാറിയിട്ടുണ്ട്. എലത്തൂർ സിഐ കെ.ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നത്.