ഓണത്തിനൊരു കൊട്ടപ്പൂവ്
മലപ്പട്ടം: ഓണാഘോഷങ്ങൾക്ക് നാട്ടിൽ തന്നെ പൂക്കളുടെ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മലപ്പട്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഓണത്തിനൊരു കൊട്ടപ്പൂവ് പദ്ധതിയുടെ ഭാഗമായി മലപ്പട്ടം കൃഷിഭവൻ പരിസരത്ത് ചെണ്ടുമല്ലിക പാടം നടീൽ സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ലക്ഷ്മണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. വാസന്തി അധ്യക്ഷത വഹിച്ചു.
പ്രാദേശിക തലത്തിൽ പൂക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഓണക്കാലത്ത് ആവശ്യമായ പൂക്കളുടെ ഉൽപാദനം വർധിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്ത് ചെണ്ടുമല്ലിക തൈകൾ നട്ടു.
കൃഷിയോടുള്ള ജനങ്ങളുടെ താൽപര്യം വർധിപ്പിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുള്ള മാതൃകാപരമായ പ്രവർത്തനമാണ് ഓണത്തിനൊരു കൊട്ടപ്പൂവ് പദ്ധതിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു. പരിപാടിയിൽ പഞ്ചായത്ത് അംഗങ്ങളും കൃഷിഭവൻ ഉദ്യോഗസ്ഥരും ജീവനക്കാരും സജീവമായി പങ്കെടുത്തു.