മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്; കോട്ടയത്തും പുതുപ്പള്ളിയിലും അനുസ്മരണം
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്. പ്രിയനേതാവിന്റെ സ്മരണയിൽ വിവിധ പരിപാടികൾ നടക്കും. ജീവകാരുണ്യ പദ്ധതികളും ആരംഭിക്കും. ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 26 വരെയാണു സംസ്ഥാനത്തൊട്ടാകെ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 7നു പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പ്രാർഥന. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ രാവിലെ 11നു അനുസ്മരണ സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. കോട്ടയം ഡിസിസി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം മാമ്മൻ മാപ്പിള ഹാളിൽ വൈകിട്ട് 3ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിക്കും. ഉമ്മൻ ചാണ്ടിയെപ്പറ്റിയുള്ള ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനവും കഞ്ഞിക്കുഴിയിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഓഫിസിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.