ജനവിധി പൂർണമായും അംഗീകരിക്കുന്നുവെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ
കല്യാശ്ശേരി:നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി പൂർണമായും അംഗീകരിക്കുന്നുവെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ.10 വർഷം ഭരിച്ചവർക്ക് പകരം ഒരു മാറ്റം ജനാധിപത്യത്തിന് നല്ലതാണെന്ന ചിന്തയാണ് പരാജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.മുൻ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായി രുന്ന ഇ കെ നായനാരുടെ 22 -ാം ചരമവാർഷികത്തിന്റെ ഭാഗമായി നായനാരുടെ ജന്മനാടായ കല്യാശ്ശേരിയിൽ നടന്ന അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരാജയം എല്ലാത്തിന്റെയും അവസാനമാണെന്ന് എൽഡിഎഫിന് എതിർക്കുന്നവർ കരുതേണ്ട.കൂടുതൽ ശക്തമായ പ്രവർത്തനം കാഴ്ചവച്ച് ജനവിശ്വാസം വീണ്ടെടുത്ത് എൽഡിഎഫ് തിരിച്ചു വരും.ക്രിയാത്മക പ്രതിപക്ഷ പ്രതിപക്ഷമായി പ്രവർത്തിക്കും.വികസനം അട്ടിമറിക്കാനോ ജന താൽപര്യത്തിനോ ജനക്ഷേമത്തിനും വിരുദ്ധമായ നടപടികൾ പുതിയ സർക്കാർ സ്വീകരിച്ചാൽ ശക്തമായ പ്രതിപക്ഷമായി എതിർക്കും.ഇടതു സർക്കാർ തുടങ്ങിവച്ച ജനക്ഷേമകരമായ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും അവ പൂർത്തിയാക്കാനും തയ്യാർ ഉണ്ടോ എന്നതാണ് നിലവിലെ പ്രശ്നം.യുഡിഎഫ് സർക്കാർ അത് ഏറ്റെടുക്കാൻ മുന്നോട്ടുവന്നാൽ എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.കല്ല്യാശ്ശേരി പിസിആർ ബാങ്ക് അങ്കണത്തിൽ നടന്ന പൊതുയോഗത്തിൽ പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ നാരായണൻ അധ്യക്ഷത വഹിച്ചു.നിയുക്ത എം എൽ എ എം വിജിൻ ,സി പി എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്,നേതാക്കളായ ടി.വി. രാജേഷ്,ടി.ടി. ബാലകൃഷ്ണൻ എന്നിവരും നായനാരുടെ മക്കളും സംസാരിച്ചു.കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവുമായിരുന്ന നായനാരുടെ സ്മരണകൾ പുതുക്കാൻ നൂറുകണക്കിന് ആളുകളാണ് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തത്