ഹൊററും കോമഡിയും നിറച്ച് ‘പ്രകമ്പനം’ വരുന്നൂ; ടീസർ പുറത്തിറങ്ങി
പുതുവർഷത്തിലെ പുതിയ റിലീസിന്റെ പ്രതീക്ഷകൾ നൽകി ഗണപതിയും സാഗർ സൂര്യയും നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രകമ്പന’ത്തിന്റെ ടീസർ പുറത്തിറങ്ങി. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ഒരുമിച്ചാണ് “പ്രകമ്പനം” പുറത്തിറക്കുന്നത്. ഈ വർഷം ആദ്യം തന്നെ റിലീസ് ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഒരു കംപ്ലീറ്റ് ഹൊറർ കോമഡി എന്റർടൈനർ ആണ് എന്ന് തോന്നിപ്പിക്കുന്ന ടീസറാണ് പുറത്തിറങ്ങിയത്. യുവതലമുറയെ ആകർഷിക്കുന്ന എല്ലാ ഘടകങ്ങളും ചേർന്ന ഒരു ചിത്രമാണെന്ന സൂചനയാണ് ടീസർ.
‘നദികളിൽ സുന്ദരി’ എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ്.എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ് വിവേക് വിശ്വം ഐ. എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിജിത്ത് സുരേഷ്. ചിത്രത്തിന്റെ കഥയും സംവിധായകന്റെതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ.ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് “പ്രകമ്പനം”. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ഈ ചിത്രത്തിൽ ഗണപതിയേയും സാഗർ സൂര്യയെയും കൂടാതെ അമീൻ,കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ശീതൾ ജോസഫ് ആണ് നായിക.”പണി “എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ ‘പ്രകമ്പന’ത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്.