പുനർഗേഹം പദ്ധതി – ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ അവലോക യോഗം ചേർന്നു
ന്യൂ മാഹി :കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നടപ്പിലാക്കിയ പുനർഗേഹം പദ്ധതിയുടെ ഭാഗമായ ഗുണഭോക്താക്കളുടെ യോഗം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ചേർന്നു. യോഗത്തിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ ജഗ്നു പങ്കെടുത്തു. പുനർഗേഹം പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും വീട് നിർമ്മാണം പൂർത്തിയാക്കി താമസം മാറിയ കുടുംബങ്ങൾ തീരത്തോട് ചേർന്ന പഴയ വീടുകൾ പൊളിച്ച് മാറ്റണമെന്നും ഡെപ്യൂട്ടി ഡയറക്ടർ ആർ ജഗ്നു ഗുണഭോക്താക്കൾക്ക് നിർദ്ദേശം നൽകി. പുനർഗേഹം പദ്ധതിയുടെ ഭാഗമായി പുതിയ വീട് നിർമിച്ച് താമസം മാറിയവരുടെ പഴയ വീടുകൾ പൊളിച്ച് മാറ്റാത്ത സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്തിൻ്റെ മുൻകൈയിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ പങ്കെടുപ്പിച്ച് യോഗം ചേർന്നത്. യോഗത്തിൽ ഫിഷറീസ് വകുപ്പിനെ പ്രതിനിധീകരിച്ച് തലശ്ശേരി മത്സ്യ ഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എ കെ സംഗീത, തലശ്ശേരി മത്സ്യ ഭവൻ അസിസ്റ്റൻ്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ റിജുൽ രാജ്, തലശ്ശേരി മത്സ്യ ഭവൻ ഫിഷറീസ് ഓഫീസർ എസ് സീന, പുനർഗേഹം മോട്ടിവേറ്റർ കെ വി സബീന എന്നിവരും ന്യൂ മാഹി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ ശിൽപ ജസ്റ്റസ് എന്നിവരും പങ്കെടുത്തു