കാലവര്‍ഷം അതിശക്തമായി തുടരുന്നു; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം : വടക്കന്‍ കേരളത്തില്‍ കാലവര്‍ഷം അതിശക്തമായി തുടരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ പ്രൊഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. കോഴിക്കോടും കാസര്‍കോടും കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പരീക്ഷകള്‍ക്ക് മാറ്റമില്ല.
മലപ്പുറം ജില്ലയില്‍ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ഇടുക്കിയില്‍ ദേവികുളം താലൂക്കിലെയും ചിന്നക്കനാല്‍ പഞ്ചായത്തിലേയും പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പടെയാണ് അവധി.കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യത ഉണ്ട്. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത വേണം. കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുഉള്ളതിനാല്‍ മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ കേരളത്തില്‍ അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.