
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിലുള്ളവർ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമായതിനാൽ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരളത്തിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ്നാടിനും സമീപത്ത് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത വരും ദിവസങ്ങളിൽ വ്യാപകമായി ഇടത്തരം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.