വയനാട്ടിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ; മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം
വയനാട് : വയനാട്ടിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. വിവിധസ്ഥലങ്ങളിൽ മലവെള്ളപ്പാച്ചിൽ. മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. യെല്ലോ അലർട്ട് ആയിരുന്ന ജില്ലയിൽ ഇന്നലെ ഉച്ചക്ക് ശേഷമാണ് ഓറഞ്ച് അലർട്ട് പ്രഖാപിച്ചത്. കനത്ത മഴ ഇല്ലെങ്കിലും ഉച്ചയ്ക്കുശേഷം തുടർച്ചയായി പലയിടങ്ങളിലും മഴപെയ്യുന്നുണ്ട്. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ അധികൃതരെ ബന്ധപ്പെടാനും നിർദ്ദേശമുണ്ട്. സ്ഥലത്തെ വാർഡ് മെമ്പർമാരുമായോ വില്ലേജ് ഓഫീസർമാരുമായോ ഡി ഇ ഒ സി കൺട്രോളുമായി ബന്ധപ്പെടാനാണ് അറിയിപ്പ്. വയനാട്ടിൽ മലവെള്ളപ്പാച്ചിലിൽ സ്കൂൾ ലേഡീസ് ഹോസ്റ്റലിന്റെ മതിൽ തകർന്നു. നൂൽപ്പുഴ കല്ലൂർ 67 രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ മതിലാണ് തകർന്നത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് സമീപത്തെ വനത്തിൽ നിന്നും മലവെള്ളം ഇരച്ചെത്തിയാണ് മതിൽ തകർന്നത്. കണ്ണൂര്‍, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിലും പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. കണ്ണൂർ മട്ടന്നൂർ മേഖലയിൽ കനത്ത മഴയിൽ വീടുകളിലേക്ക് വെളളം കയറി. വിമാനത്താവളത്തിൽ നിന്നും വെളളം കുത്തിയൊഴുകിയാണ് കല്ലേരിക്കരയിലെ വീടുകളിലേക്ക് എത്തിയത്. ഒരു മണിക്കൂറിനിടെ 92 മില്ലി മീറ്റർ മഴയാണ് വിമാനത്താവള മേഖലയിൽ പെയ്തത്. ഉരുവച്ചാൽ ശിവപുരം റോഡിൽ കടകളിലും വെളളം കയറി.