സംസ്ഥാനത്ത് അടുത്ത ഏഴുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ഏഴുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്നും ബുധനാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ആന്ധ്ര – ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും വടക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുനമർദം രൂപപ്പെട്ടു. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
ഇന്നും ബുധനാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും; ശനിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും ബുധനാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്നും ബുധനാഴ്ചയും കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.