വിവിധ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്
തിരുവനന്തപുരം:കേരളത്തിൽ കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്രമഴ മുന്നറിയിപ്പ് നൽകി. നാളെ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ഇന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശക്തമായ കാറ്റും കടലാക്രമണ സാധ്യതയും കണക്കിലെടുത്ത് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്